ന്യൂഡൽഹി: പ്രഥമ ഇന്ത്യ-മധ്യേഷ്യ ഉച്ചകോടി ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലാണ് മധ്യ-പൗരസ്ത്യദേശങ്ങളുടെ യോഗം നടക്കുക. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ, വെർച്വലായാണ് യോഗം നടത്തുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കസാഖ്‌സ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ താജിക്കിസ്ഥാൻ, തുർക്ക്‌മെനിസ്ഥാൻ, കിർഗ് റിപ്പബ്ലിക് എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാർ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
നേതൃത്വതലത്തിൽ ഇന്ത്യയും മധ്യേഷ്യൻ രാജ്യങ്ങളും തമ്മിൽ ഇത്തരത്തിൽ ഉച്ചകോടി ചരിത്രത്തിലാദ്യമായാണ് എന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. റിപ്പബ്ലിക് ദിന പരേഡിന് അഞ്ചു രാജ്യങ്ങളിലെയും നേതാക്കളെ അതിഥികളായി ക്ഷണിച്ചിരുന്നെങ്കിലും കൊവിഡ് സാഹചര്യത്തിൽ യാത്ര റദ്ദാക്കുകയായിരുന്നു. യോഗത്തിൽ വ്യാപാരത്തിനും ഗതാഗതത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നതായിരിക്കും. അഫ്ഗാനിസ്ഥാനിലെ സാഹചര്യം ഉച്ചകോടിയിൽ ചർച്ച ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വർദ്ധിച്ചു വരുന്ന ബന്ധത്തിന്റെ പ്രതിഫലനമാണ് ഇന്ന് നടക്കുന്ന ഉച്ചകോടി. 2015ൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യേഷ്യൻ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. ഇന്ത്യയും മധ്യേഷ്യൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ച് ഉച്ചകോടിയിൽ ചർച്ച ചെയ്യുമെന്ന് വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേർത്തു.
Post Your Comments