അട്ടപ്പാടിയിലെ മധു കൊലപാതക കേസിൽ വിചാരണ കോടതിയിൽ സ്പെഷൽ പബ്ലിക് പ്രോസിക്യുട്ടർ ഹാജരാകാതിരുന്നത് വലിയ വിവാദമായിരുന്നു. കേസ് പരിഗണിച്ച മണ്ണാർക്കാട് എസ് സി/ എസ് ടി പ്രത്യേക കോടതി സ്പെഷൽ പ്രോസിക്യുട്ടർ എവിടെയെന്ന ചോദ്യം ഉന്നയിച്ചിരുന്നു. കേസ് പരിഗണിച്ചപ്പോൾ മധുവിനായി ആരും ഹാജരാകാതിരുന്നതായിരുന്നു കാരണം. വിഷയത്തിൽ സർക്കാരിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. കേരള സർക്കാരിന്റെ ആദിവാസി സ്നേഹം കണ്ട് കണ്ണ് നിറഞ്ഞുപോയെന്ന് അദ്ദേഹം പരിഹസിച്ചു.
‘കേരള സർക്കാരിന്റെ ആദിവാസി സ്നേഹം കണ്ട് കണ്ണ് നിറഞ്ഞുപോയി. ചെറുപ്പക്കാരായ ചിലർ ക്രൂരമായി മർദ്ദിച്ച് കൊന്ന ആദിവാസി യുവാവ് മധുവിനെ ഓർമ്മയില്ലേ? മധുവിന്റെ കേസ് വാദിക്കാൻ കോടതിയിൽ സർക്കാർ വക സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഇല്ലത്രേ. കേസ് വിളിക്കുമ്പോഴൊന്നും ആൾ ഹാജരില്ല. അതിനെന്താണ് കാരണം എന്ന് കോടതി തന്നെ സർക്കാരിനോട് ചോദിക്കുന്നു. ആൾ ഇല്ലാഞ്ഞിട്ടാവും. ഉണ്ടായിരുന്നെങ്കിൽ സർക്കാർ തീർച്ചയായും ഒരാളെ അയച്ചേനേ. സർക്കാരിന്റെ ആദിവാസി സ്നേഹം നമുക്ക് അറിയാവുന്നതാണല്ലോ. അല്ലേ?’, ശ്രീജിത്ത് പണിക്കർ ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, അട്ടപ്പാടിയിലെ മധു കൊലപാതക കേസിൽ പ്രോസിക്യൂട്ടർ സ്ഥാനത്തേക്ക് ബന്ധുക്കൾക്ക് അഭിഭാഷകരെ നിർദ്ദേശിക്കാമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അറിയിച്ചു. മധുവിന്‍റെ ബന്ധുക്കൾക്ക് താൽപര്യമുള്ള മൂന്ന് അഭിഭാഷകരുടെ പേര് നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അഡിമിനിസ്ട്രേഷനായ ഗിരീഷ് പഞ്ചുവിനാണ് ഇത് സംബന്ധിച്ചുള്ള ചുമതല നൽകിയിരിക്കുന്നത്.
Post Your Comments