അമ്പലപ്പുഴ: പ്രതിയുടെ വീട്ടില്‍ അന്വേഷണത്തിനെത്തിയ പൊലീസ് വയോധികനായ പിതാവിനെയും സഹോദരനെയും മര്‍ദിച്ചതായി പരാതി. അബ്കാരി കേസില്‍ റിമാൻഡിലായ മനോജിന്റെ വീട്ടിലെത്തിയ അമ്പലപ്പുഴ പൊലീസ് പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡില്‍ കളരിക്കല്‍ പരമേശ്വരന്(77), മകന് സുരേഷ് എന്നിവരെയാണ് മര്‍ദിച്ചത്.
തിങ്കളാഴ്ച പകല്‍ 2.30 നായിരുന്നു സംഭവം. പിടിയിലായ മനോജിന്റെ ഉടമസ്ഥതയിലുള്ള വാഹനം പിടിച്ചെടുക്കാനായി രാവിലെ പൊലീസ് എത്തിയിരുന്നു. എന്നാൽ വാഹനം തകരാറിലായിരുന്നു. തുടർന്ന് ഉച്ചയ്ക്കുശേഷം പിക് അപ്പ് വാനുമായി അമ്പലപ്പുഴ പൊലീസ് എത്തി. എന്നാല്‍ വീടിനു മുന്നില്‍ രാവിലെ പാര്‍ക്ക് ചെയ്തിരിക്കുന്ന മറ്റൊരാളുടെ വാഹനം കണ്ടില്ലെന്ന് ആരോപിച്ചാണ് വയോധികനെ പൊലീസ് മര്‍ദിച്ചതെന്ന് പറയുന്നു.
Read Also : ‘വിത്ത് ലവ് ഫ്രം രവീണ ടണ്ടൻ’ : കാർഗിൽ യുദ്ധത്തിൽ തന്റെ പേരെഴുതി വർഷിക്കപ്പെട്ട ബോംബുകളെക്കുറിച്ച് രവീണ
പിതാവിനെ മര്‍ദിക്കുന്നത് കണ്ട് എത്തിയ മനോജിന്റെ സഹോദരനെയും പൊലീസ് ക്രൂരമായി മര്‍ദിച്ച് പിടിച്ചു കൊണ്ടുപോയി. പൊലീസിന്റെ മര്‍ദനത്തില്‍ ഇടതുഭാഗത്തെ അണപ്പല്ല് ഇളകിയ പരമേശ്വരനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ പൊലീസിനെതിരേ പരമേശ്വരന്റെ ഇളയ മകന് രാജേഷ് ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്കി.
Post Your Comments