ലക്നൗ: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി അയോധ്യയിൽ ട്രെയിൻ പാളം തെറ്റിക്കാനുള്ള ശ്രമം. റിപ്പബ്ലിക് ദിനത്തിൽ വിവിധയിടങ്ങളിൽ ആക്രമണം നടത്താൻ രാജ്യവിരുദ്ധ ശക്തികൾ ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. ഉത്തർ പ്രദേശിലെ റെയിൽവേ ട്രാക്കിൽ നിന്നും ആറു ബോൾട്ടുകൾ ഊരി മാറ്റി അപകടം ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്നത്.
ട്രാക്കിൽ പരിശോധനയ്ക്ക് ഇറങ്ങിയ ഉദ്യോഗസ്ഥൻ ഇത് കണ്ടെത്തിയതോടെയാണ് വൻ ദുരന്തം ഒഴിവായത്. അയോദ്ധ്യ-അചാര്യ നരേന്ദ്രദേവ് നഗർ പ്രദേശത്തുള്ള റെയിൽവേ പാളത്തിലാണ് ബോൾട്ടുകൾ തുറന്ന് വച്ചിരുന്നത്. ഇത് കണ്ടെത്തുന്നതിന് മുൻപ് മൂന്ന് ട്രെയിനുകൾ അതിലൂടെ കടന്ന് പോയിരുന്നു.
വിവരമറിഞ്ഞതോടെ റെയിൽവേ ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി ട്രാക്ക് നന്നാക്കി. സംഭവത്തെ തുടർന്ന് ഉദ്യോഗസ്ഥർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments