
കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിൽ മഹീന്ദ്രാ കമ്പനി വഴിപാടായി നൽകിയ ഥാര്‍ ജീപ്പ് ലേലം ചെയ്തത് ചോദ്യം ചെയ്ത് ഹിന്ദു സേവാ കേന്ദ്രം സമർപ്പിച്ച ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി. ജീപ്പിന്റെ ലേല വിശദാംശങ്ങൾ ഹാജരാക്കാൻ ഗുരുവായൂർ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദ്ദേശം നൽകി. ജീപ്പിന്റെ വില അടക്കമുള്ള വിവരങ്ങൾ അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഹർജി രണ്ടാഴ്ചക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.
Also read: അമ്പതിനായിരം കടന്ന് പ്രതിദിന കോവിഡ് രോഗികൾ: ഏറ്റവും കൂടുതൽ കേസുകൾ എറണാകുളത്ത്
15 ലക്ഷം രൂപ അടിസ്ഥാന വിലയായി നിശ്ചയിച്ച് നടത്തിയ ലേലത്തിൽ 15,10,000 രൂപയ്ക്ക് എറണാകുളം സ്വദേശി അമൽ മുഹമ്മദാലിയാണ് വാഹനം സ്വന്തമാക്കിയത്. പിന്നീട് ദേവസ്വം ബോർഡ് യോഗം ചേർന്ന് ലേലത്തിന് അംഗീകാരം നൽകി ദേവസ്വം കമ്മീഷണറുടെ അനുമതിക്കായി അയച്ചു. എന്നാൽ അയ്യായിരം രൂപയിൽ കൂടുതൽ മൂല്യമുള്ള ഏത് വസ്തു വിൽക്കാനും ദേവസ്വം കമ്മീഷണറുടെ മുൻകൂർ അനുമതി തേടണമെന്ന വ്യവസ്ഥ ലേലം ലംഘിച്ചെന്ന് കാണിച്ചുകൊണ്ട് ഹിന്ദു സേവാ കേന്ദ്രം ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു.
സാമൂഹിക മാധ്യമങ്ങളിൽ താരമായി മാറിയ ഥാര്‍ ലേലത്തിന് വച്ചപ്പോൾ വലിയ പ്രതികരണം ഉണ്ടാകുമെന്ന് ആയിരുന്നു ഗുരുവായൂർ ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. എന്നാൽ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചുകൊണ്ട് ഖത്തറിൽ വ്യവസായിയായ അമൽ മുഹമ്മദ് അലിയുടെ പ്രതിനിധി മാത്രമാണ് ലേലത്തിൽ പങ്കെടുത്തത്. 15 ലക്ഷം രൂപയാണ് ലിമിറ്റഡ് എഡീഷൻ ഥാറിന് ഗുരുവായൂർ ദേവസ്വം അടിസ്ഥാന വിലയായി നിശ്ചയിച്ചത്. ലേലം വിളിച്ചു തുടങ്ങിയപ്പോൾ അമലിന്റെ പ്രതിനിധി പതിനായിരം രൂപ കൂട്ടിവിളിച്ചു. അതിന് മുകളിൽ വേറെ ആളില്ലാതെ വന്നതോടെ ലേലം അമലിന് ഉറപ്പിക്കുകയായിരുന്നു.
Post Your Comments