പൂനെ: മഹാരാഷ്ട്രയിൽ ഇരുപത്തി അയ്യായിരം കോടി രൂപയുടെ അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. മഹാരാഷ്ട്രയിലെ കോ-ഓപ്പറേറ്റീവ് ഷുഗർ മില്ലുകൾ വിറ്റതിൽ ഇരുപത്തി അയ്യായിരം കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നും സംഭവത്തിൽ റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്ത് എഴുതിയിട്ടുള്ളത്.
“2009 മുതൽ രാഷ്ട്രീയ പ്രവർത്തകരുടെ ഒത്താശയോടെ ഷുഗർ മില്ലുകൾ തുച്ഛമായ വിലയ്ക്ക് വിൽക്കുന്നതിനെതിരെയും അവിടെ നടക്കുന്ന ക്രമക്കേടുകൾക്കെതിരെയും ഞങ്ങൾ പ്രക്ഷോഭം നടത്തിവരികയാണ്. തുടർന്ന് 2017-ൽ ഞങ്ങൾ മുംബൈയിൽ ഒരു പരാതി നൽകിയിരുന്നു, ആ പരാതി അന്വേഷിക്കാൻ ഒരു ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കുകയും ചെയ്തിരുന്നു. എന്നാൽ, രണ്ടുവർഷത്തിനു ശേഷം ക്രമക്കേടുകളൊന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന റിപ്പോർട്ടാണ് ആ ഉദ്യോഗസ്ഥൻ സമർപ്പിച്ചത്”, അണ്ണാ ഹസാരെ കത്തിൽ കൂട്ടിച്ചേർത്തു.
കർഷകരുടെ ക്ഷേമത്തിനും സഹകരണ മേഖല മെച്ചപ്പെടുത്തുന്നതിനുമായാണ് കേന്ദ്രം, സഹകരണ മന്ത്രാലയം രൂപീകരിച്ചതെന്നും അത് കൊണ്ട് തന്നെ, ഈ അഴിമതി ഉന്നത ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കുകയാണ് എങ്കിൽ അത് മികച്ച ഒരു ഉദാഹരണമായിരിക്കുമെന്നും അണ്ണാ ഹസാരെ വ്യക്തമാക്കി.
Post Your Comments