ബംഗളൂരു: സർക്കാർ സ്കൂളിൽ വിദ്യാർത്ഥികൾക്ക് ക്ലാസ് മുറിയിൽ നിസ്കരിക്കാൻ അനുമതി നൽകിയത് അന്വേഷിക്കാൻ ഉത്തരവിട്ട് ജില്ലാ കലക്ടർ. കർണാടകയിലെ കോലാർ ജില്ലയിലെ സ്കൂളിലാണ് സംഭവം നടന്നത്. സ്കൂളിലെ പ്രധാനാധ്യാപികയ്ക്ക് നേരെ വ്യാപക വിമർശനങ്ങൾ ഉയർന്ന് വന്ന സാഹചര്യത്തിലാണ് ജില്ലാ കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സംഭവത്തെത്തുടർന്ന് തീവ്ര ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു.
മുൾബാഗൽ സോമേശ്വര പാളയബലെ ചെങ്കപ്പ ഗവൺമെന്റ് കന്നഡ മോഡൽ ഹയർ പ്രൈമറി സ്കൂളിൽ എല്ലാ വെളളിയാഴ്ചകളിലും കുട്ടികൾക്ക് ക്ലാസ് മുറിയിൽ നിസ്കരിക്കാൻ അനുമതി നൽകിയിരുന്നു. പബ്ലിക് ഇൻസ്ട്രക്ഷൻ ഡെപ്യൂട്ടി ഡയറക്ടർ രെവാന സിദ്ധപ്പയോട് സ്കൂൾ സന്ദർശിക്കാനും സ്കൂളിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുളള വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. എന്നാൽ, നിസ്കാരത്തിന് താൻ അനുമതി നൽകിയിട്ടില്ലെന്നും കുട്ടികൾ സ്വമേധയാ അങ്ങനെ ചെയ്യുകയുമായിരുന്നുവെന്ന് പ്രധാനാധ്യാപിക ഉമാ ദേവി പറഞ്ഞു.
സംഭവത്തിൽ, ബാഹ്യ ഇടപെടൽ ഉണ്ടോയെന്ന് ഉൾപ്പെടെയുളള കാര്യങ്ങളും അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു. പലസ്ഥലങ്ങളിലും പൊതുസ്ഥലത്തെ നിസ്കാരത്തിന് പിന്നിൽ തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. കർണാടകയിലെ പൊതുസ്ഥലങ്ങളിൽ നിസ്കരിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
Post Your Comments