കോട്ടയം: വിഎസ് അച്യുതാനന്ദനെതിരായ അപകീർത്തി കേസിൽ ലഭിച്ച അനുകൂല വിധിയിൽ പ്രതികരണവുമായി ഉമ്മൻ ചാണ്ടി. സത്യം ജയിക്കുമെന്നും അധികാരത്തിൽനിന്നു മാറിനിന്നിട്ടും ആരോപണത്തിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ആരോപണം ഉന്നയിക്കുകയും അത് നിഷേധിക്കുകയും ചെയ്തപ്പോൾ അതിനെതിരെ നിയമനടപടിക്ക് പോകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയർന്നുവെന്നും അപ്പോഴാണ് നിയമനടപടിക്ക് പോയതെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
സോളാർ കേസുമായി ബന്ധപ്പെട്ട് അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്കെതിരെ പ്രതിപക്ഷ നേതാവായിരുന്ന വിഎസ് നടത്തിയ ഒരു പരാമർശത്തിനെതിരെ ഉമ്മൻചാണ്ടി നൽകിയ കേസിലാണ് ഇപ്പോൾ നിർണായകമായ വിധി വന്നിട്ടുള്ളത്. 10,10,000 രൂപ വിഎസ് ഉമ്മൻചാണ്ടിക്ക് മാനനഷ്ടത്തിനുള്ള നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി ഉത്തരവിട്ടു. 2013 ജൂലൈ ആറിന് ഒരു ടെലിവിഷൻ ചാനലിന് നൽകി അഭിമുഖത്തിലാണ് വിഎസ് അച്യുതാനന്ദൻ വിവാദ പരാമർശം നടത്തിയത്.
ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ഒരു കമ്പനി രൂപീകരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് വിഎസ് ചാനൽ അഭിമുഖത്തിൽ പരാമർശിച്ചത്. ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്നും വിഎസ് ആരോപിച്ചു. ഇതിനെതിരെ കേസിനു പോയ ഉമ്മൻചാണ്ടി 2019 സെപ്റ്റംബർ 24ന് കോടതിയിൽ നേരിട്ടെത്തി മൊഴിനൽകിയിരുന്നു. തുടർന്നാണ് കോടതി വിധി പ്രസ്താവിച്ചത്.
Post Your Comments