COVID 19KollamAlappuzhaNattuvarthaLatest NewsKeralaNews

ഉമ്മയെ പോലീസിന്റെ മുന്നിലേക്ക് വിട്ട് കാറിൽ ഇരുന്ന് വീഡിയോ എടുത്ത ഊത്ത് കോൺഗ്രസുകാരന്റെ ഓച്ചിറ നാടകം: കെ ടി ജലീൽ

ഇതേ കഥാപാത്രമാണ് 'ആര്യൻ മിത്ര' എന്ന വ്യാജ പേരിൽ മുകേഷ് എം എൽ എയെ മുൻപ് തെറി വിളിച്ച് പോസ്റ്റിട്ടത്

കോഴിക്കോട്: ഓച്ചിറ എസ് ഐ വിനോദിനെതിരെ നടക്കുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് കെ ടി ജലീൽ രംഗത്ത്. പോലീസിനോട് നേരിട്ട് ചെന്ന് സംസാരിക്കാതെ തന്റെ ഉമ്മയെ സി.ഐയുടെ അടുത്തേക്ക് വിട്ട് ഉമ്മയുടെ ചലനങ്ങളും സംസാരവും മൊബൈൽ ക്യാമറയിൽ പകർത്തി പ്രചരിപ്പിക്കാനാണ് അഫ്സൽ മനിയിൽ ശ്രമിച്ചതെന്നും ഇത് വെറുമൊരു ഓച്ചിറ നാടകമായിപ്പോയല്ലോ എന്നും കെ ടി ജലീൽ പറഞ്ഞു. ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം.

Also Read:റോഡുകളുടെ അറ്റകുറ്റപ്പണി പരിശോധിക്കുവാന്‍ ഒരു പ്രത്യേക ടീം : മന്ത്രി മുഹമ്മദ് റിയാസ്

‘മുസ്ലിം സമുദായം ഏറ്റവുമധികം സുഹൃത്തുക്കളെയും ചങ്ങാതിമാരെയും ആഗ്രഹിക്കുന്ന ഒരു കാലത്ത് ഉള്ള സൗഹൃദങ്ങൾ പോലും തകർക്കാൻ മിനക്കെടുന്നത് കൊടും ക്രൂരതയാണ്. ഊഷ്മള ബന്ധങ്ങൾ ഒരിക്കൽ തകർന്ന് കഴിഞ്ഞാൽ പിന്നെയത് പൂർവ്വ സ്ഥിതിയിലാക്കാൻ എത്ര കാലമെടുക്കുമെന്ന് വികട ഖദറൻമാർ ആലോചിച്ചിട്ടുണ്ടോ? സ്നേഹത്തിന്റെ മഹാ സൗധം തകർക്കാൻ ഒരു നിമിഷം മതി. സമാനമായതൊന്ന് പുനസ്ഥാപിക്കാൻ നൂറ്റാണ്ടുകൾ എടുത്തേക്കും. ഒരു നൈമിഷിക ജയത്തിനു വേണ്ടി ശാശ്വത സൗഹൃദ ഗോപുരത്തെ ദയവായി നിലം പരിശാക്കരുത്’, കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം:

ഒരു ഓച്ചിറൻ പീറഗാഥ
————————————-
കേരളം ഇന്ത്യാ രാജ്യത്ത് എല്ലാ മേഖലയിലും വേറിട്ടൊരു തുരുത്താണ്. മതവും ജാതിയും ചോദിച്ച് നിലപാട് സ്വീകരിക്കുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഇവിടെ ഇല്ലെന്നുതന്നെ പറയാം. സൗഹൃദത്തിന്റെ മലയാള ഭൂമികയെ കാലുഷ്യത്തിന്റെ ദിക്കാക്കി മാറ്റാൻ ചില നിഗൂഢ ശക്തികൾ കാലങ്ങളായി സംഘടിത ശ്രമം നടത്തുന്നത് ഏവർക്കും അറിയാവുന്നതാണ്.
പിണറായി സർക്കാരിന് രണ്ടാമൂഴം കിട്ടിയത് UDF നെയും മതരാഷ്ട്ര വാദികളെയും കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. പരമ്പരാഗതമായി കണ്ണും ചിമ്മി തങ്ങളെ പിന്തുണച്ചിരുന്ന സമുദായങ്ങൾ ഐക്യമുന്നണിയെ കൈവിട്ട് മറുകൂട് തേടിപ്പോയതിൽ കോൺഗ്രസ്സിനും ലീഗിനുമുള്ള അരിശം ചെറുതല്ല. ഭൂരിപക്ഷ സമുദായത്തിലെ ഭൂരിപക്ഷവും ന്യൂനപക്ഷ സമുദായങ്ങളിലെ ഭൂരിപക്ഷവും ഒരുമിച്ച് നിന്നതിന്റെ ഫലമാണ് ഇടതുപക്ഷ സർക്കാരിന്റെ രാജോജിതമായ രണ്ടാം വരവ്. അതിൽ കലിപൂണ്ട ചില ക്ഷുദ്രശക്തികളാണ് ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങളെ അകറ്റാനും തമ്മിലടിപ്പിക്കാനും ആസൂത്രിതമായ ശ്രമങ്ങൾ നടത്തുന്നത്. സോഷ്യൽ മീഡിയക്ക് പുറമെ ഓരോ സമുദായത്തെയും വൈകാരികമായി ഉണർത്തി വിവിധ ചേരികളിൽ അണിനിരത്താൻ പത്ര-മാധ്യമ-ചാനലുകളെയും ഈ രാഷ്ട്രീയ ഭിക്ഷാംദേഹികൾ ഉപയോഗപ്പെടുത്തുന്നുണ്ട്.

അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ലോക്ഡൗൺ ദിനത്തിൽ അരങ്ങേറിയ ഓച്ചിറ നാടകം. സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ച ദിവസമാണ് ഇന്നലെ. വളരെ അത്യാവശ്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് നേരത്തെ തന്നെ അധികൃതർ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ മുഴുവൻ ജനങ്ങളും കക്ഷി-രാഷ്ട്രീയ- മത-ജാതി ഭേദമന്യേ അതനുസരിക്കുകയും ചെയ്തു. എന്നാൽ ഒരു സാധാരണ കാര്യത്തിന് സാമാന്യം ദീർഘ യാത്രക്ക് പുറപ്പെട്ട ഒരു കുടുംബത്തെ ഓച്ചിറയിൽ വെച്ച് സി.ഐ വിനോദ് തടഞ്ഞെന്നും തന്റെ വേഷമാണോ തടയാൻ കാരണമെന്ന് ചോദിച്ച സഹോദരിയാട് വേഷം തന്നെയാണ് പ്രശ്നമെന്ന് സി.ഐ പറഞ്ഞെന്നുമുള്ള വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത് എന്റെയും ശ്രദ്ധയിൽ പെട്ടു.

പർദ്ദാ ധാരിണിയായ സഹോദരിയുടെ കൂടെ യാത്ര ചെയ്തിരുന്ന അവരുടെ മകനോട് നിനക്കെത്ര ഹിന്ദു കൂട്ടുകാരുണ്ടെന്ന് സി.ഐ വിനോദ് ചോദിച്ചതായുള്ള മസാലക്കൂട്ടും ചോദിക്കപ്പട്ടുവെന്ന് അവകാശപ്പെട്ടയാൾ അനുബന്‌ധമായി ചേർത്തതോടെ രംഗം കൂടുതൽ കൊഴുത്തു.
എന്റെ വേഷമാണോ പ്രശ്നം എന്ന് സഹോദരി ചോദിക്കുന്നത് വീഡിയോ ക്ലിപ്പിൽ വ്യക്തമായി കേൾക്കാം. എന്നാൽ സി.ഐ അതിന് അതെ, വേഷം തന്നെയാണ് പ്രശ്നമെന്ന് പറയുന്ന ഭാഗം അവ്യക്തമായിപ്പോലും ക്ലിപ്പിൽ കേൾക്കുന്നില്ല.

സാമാന്യം മുതിർന്ന ‘സുധാകരനിസം’ തലക്കു പിടിച്ച അവരുടെ മകൻ അഫ്സൽ മനിയിൽ കാറിൽ നിന്നിറങ്ങിച്ചെന്ന് കാര്യങ്ങൾ വിശദീകരിക്കാതെ, തന്റെ ഉമ്മയെ സി.ഐയുടെ അടുത്തേക്ക് വിട്ട് ഉമ്മയുടെ ചലനങ്ങളും സംസാരവും മൊബൈൽ ക്യാമറയിൽ പകർത്തി പ്രചരിപ്പിക്കാനാണ് ശ്രമിച്ചത്. അയാൾ കെ.പി.സി.സി പ്രസിഡണ്ട് സുധാകരനെ വിളിച്ച് കാര്യം പറയുന്നു. സുധാകരൻ ബിന്ദു കൃഷ്ണയെ വിളിച്ച് അന്വേഷിക്കാൻ പറയുന്നു. അവർ ഇടപ്പെട്ടതിനെ തുടർന്ന് ആ കുടുംബത്തെ പോകാൻ സി.ഐ അനുവദിക്കുന്നു. ഉടനെ ‘കേരള പോലീസിലെ സംഘിയെ ഞാൻ കണ്ടുമുട്ടി’ എന്ന തലക്കെട്ടിൽ പർദ്ദയിട്ട സഹോദരിയുടെ മകൻ അഫ്സൽ തന്റെ ഫേസ്ബുക്കിൽ കുറിപ്പിടുന്നു. സോഷ്യൽ മീഡിയകളിൽ അത് പ്രചരിക്കുന്നു. താമസിയാതെ ‘മീഡിയ വൺ’ ചാനൽ രംഗപ്രവേശം ചെയ്യുന്നു. അർധ സത്യവും അസത്യവും കൂടിച്ചേർന്ന വാർത്ത എയർ ചെയ്യുന്നു. പിന്നെ കോൺഗ്രസ്സ്-ലീഗ്- ജമാഅത്തെ ഇസ്ലാമി സൈബർ വിംഗ് അതേറ്റെടുത്ത് വൈറലാക്കുന്നു. നീണ്ട ബെൽ മുഴങ്ങുന്നു. കർട്ടൺ വീഴുന്നു.

മീഡിയ വൺ വാർത്ത കാണുമ്പോൾ ആരുടെ മനസ്സിലും പൊങ്ങി വരുന്ന ചില സംശയങ്ങളുണ്ട്.

1) തടയുമെന്നറിഞ്ഞിട്ടും ലോക്ഡൗൺ ദിവസം തന്നെ മകളെ അടക്കാത്ത കോളേജ് ഹോസ്റ്റലിൽ നിന്ന് കൊണ്ട് വരാൻ പുറപ്പെട്ടത് കരുതിക്കൂട്ടി ഒരു പർദ്ദ വിരുദ്ധ സീൻ സൃഷ്ടിക്കാനായിരുന്നില്ലേ?

2) മതനിഷ്ഠ പാലിച്ച് വസ്ത്രധാരണം നടത്തുന്ന ഉമ്മയെ കാറിലിരുത്തി മകൻ പോലീസിന്റെ അടുത്ത് പോയി സംസാരിക്കാതെ, ഉമ്മയെ സംസാരിക്കാൻ വിട്ട് കാര്യബോധമുള്ള യൂത്ത് കോൺഗ്രസ്സുകാരൻ കൂടിയായ മകൻ കാറിലിരുന്ന് വീഡിയോ പിടിച്ചതും അത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും നിഷ്കളങ്കമായിട്ടാണോ?

3) ഷൂട്ട് ചെയ്ത വീഡിയോയിൽ സി.ഐയുടെ പ്രതികരണം ഒട്ടുമേ ഇല്ലാതെ പോയത് അത്തരമൊരു പ്രതികരണം സി.ഐ വിനോദ് നടത്താത്തത് കൊണ്ടു തന്നെയല്ലേ? ഉണ്ടായിരുന്നെങ്കിൽ നേർത്തെങ്കിലും അത് റിക്കോർഡിൽ പതിയുമായിരുന്നില്ലേ?

4) തനിക്ക് എത്ര മുസ്ലിം സുഹൃത്തുക്കളുണ്ടെന്ന് സി.ഐ ചോദിച്ചത് അഫ്സലല്ലാതെ രണ്ടാമതൊരാൾ കേൾക്കാതിരുന്നത് എന്ത് കൊണ്ടാണ്? പറഞ്ഞിരുന്നെങ്കിൽ എല്ലാം വാചാലമായി പറഞ്ഞ ഉമ്മ തന്നെ അത് വെളിപ്പെടുത്തുമായിരുന്നില്ലേ?

5) കേരള പോലീസിലെ “സംഘി പോലീസ്” എന്ന് പരാതിക്കാരൻ ആക്ഷേപിക്കുന്ന സി.ഐ വിനോദ്, കെ സുധാകരനും ബിന്ദു കൃഷ്ണയും പറഞ്ഞതനുസരിച്ച് അവരെ വിട്ടെങ്കിൽ കേരള പോലീസിലെ സംഘികളുടെ നേതൃത്വം എന്ന് മുതൽക്കാണ് കോൺഗ്രസ് അദ്ധ്യക്ഷൻ കെ സുധാകരനും കൊല്ലം ജില്ലാ കോൺഗ്രസ്സ് മുൻ പ്രസിഡണ്ട് ബിന്ദു കൃഷ്ണയും ഏറ്റെടുത്തത്?

6) അവധി ദിവസമായ ശനിയാഴ്ചയോ തൊട്ടടുത്ത ദിവസമായ തിങ്കളാഴ്ചയോ മകളെ കൊണ്ട് വരാൻ മുതിരാതെ ഒഴിച്ചുകൂടാനാവാത്ത പ്രശ്നങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് അധികൃതർ കണിശമായി പറഞ്ഞ ദിവസംതന്നെ എന്നാൽ ഒന്ന് കാണട്ടെ എന്ന മട്ടിൽ ഇറങ്ങിത്തിരിച്ചത് ആർക്ക് ഊർജ്ജം പകരാനായിരുന്നു?

7) മേലധികാരികൾക്ക് പരാതി നൽകുമോ എന്ന് മീഡിയ വൺ റിപ്പോർട്ടർ ചോദിക്കുമ്പോൾ വ്യക്തമായ ഉത്തരം നൽകാതെ അഫ്സൽ ഒഴിഞ്ഞ് മാറിയത് എന്ത്കൊണ്ടാണ്?

മുസ്ലിം സമുദായം ഏറ്റവുമധികം സുഹൃത്തുക്കളെയും ചങ്ങാതിമാരെയും ആഗ്രഹിക്കുന്ന ഒരു കാലത്ത് ഉള്ള സൗഹൃദങ്ങൾ പോലും തകർക്കാൻ മിനക്കെടുന്നത് കൊടും ക്രൂരതയാണ്. ഊഷ്മള ബന്ധങ്ങൾ ഒരിക്കൽ തകർന്ന് കഴിഞ്ഞാൽ പിന്നെയത് പൂർവ്വ സ്ഥിതിയിലാക്കാൻ എത്ര കാലമെടുക്കുമെന്ന് വികട ഖദറൻമാർ ആലോചിച്ചിട്ടുണ്ടോ? സ്നേഹത്തിന്റെ മഹാ സൗധം തകർക്കാൻ ഒരു നിമിഷം മതി. സമാനമായതൊന്ന് പുനസ്ഥാപിക്കാൻ നൂറ്റാണ്ടുകൾ എടുത്തേക്കും. ഒരു നൈമിഷിക ജയത്തിനു വേണ്ടി ശാശ്വത സൗഹൃദ ഗോപുരത്തെ ദയവായി നിലം പരിശാക്കരുത്.

(ഇതേ കഥാപാത്രമാണ് ‘ആര്യൻ മിത്ര’ എന്ന വ്യാജ പേരിൽ മുകേഷ് MLA യെ മുമ്പ് തെറി വിളിച്ച് പോസ്റ്റിട്ടത്. സ്ക്രീൻ ഷോട്ട് താഴെ. ഇത്തരം മ്ലേച്ഛൻമാരെ കെട്ടി അവതരിപ്പിക്കുന്ന മൗദൂദിയൻ ചാനലിനെ കുറിച്ച് എന്തുപറയാൻ?)

shortlink

Related Articles

Post Your Comments

Related Articles


Back to top button