തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണം കുതിച്ചുയരുന്നു. കേരളത്തില്‍ ജനുവരിയില്‍ മാത്രം 608 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ജനുവരി 16ന് എട്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ജനുവരി 19 ആകുമ്പോഴേക്കും 49 മരണം റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 70 മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ജീവിത ശൈലി രോഗമുള്ളവരുടെയും പ്രമേഹ ബാധിതരുടെ എണ്ണക്കൂടുതലും മരണ സംഖ്യ ഉയരാന്‍ പ്രധാന കാരണമായി.
രോഗ വ്യാപനം കൂടുന്നതിന് ആനുപാതികമായി ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട്. ഓക്സിജന്റെ സഹായം ആവശ്യമുള്ളവരുടെ എണ്ണം കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് 91 ശതമാനം വര്‍ദ്ധിച്ചു. ഐസിയു കിടക്കകളിലെ രോഗികളുടെ എണ്ണം 57 ശതമാനവും വെന്റിലേറ്റര്‍ സഹായം ആവശ്യമായ രോഗികളുടെ എണ്ണം 23 ശതമാനവും വര്‍ദ്ധിച്ചെന്ന് കണക്കുകളില്‍ വ്യക്തമാക്കുന്നു.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന മറ്റ് അസുഖങ്ങളുള്ള കൊവിഡ് ബാധിതര്‍ ചികിത്സ തേടാന്‍ വൈകരുതെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളെ കൂടെ ചേര്‍ത്ത് ചികിത്സ സൗകര്യം വര്‍ദ്ധിപ്പിക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.
Post Your Comments