ഇടുക്കി: ദേവികുളം താലൂക്കിൽ എം.ഐ രവീന്ദ്രൻ നൽകിയ 530 പട്ടയങ്ങളിൽ 104 എണ്ണം മാത്രമാണ് ലാൻഡ് അസൈൻമെന്റ് കമ്മിറ്റി പാസാക്കിയതെന്ന് കണ്ടെത്തൽ. ഭൂരിഭാഗം പട്ടയങ്ങളും നടപടിക്രമങ്ങൾ കൃത്യമായി പാലിക്കാതെയാണ് തയ്യാറാക്കിയിരിക്കുന്നത്. വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് ഈ നിർണായക വിവരങ്ങൾ പുറത്തു വന്നത്.
ദേവികുളം താലൂക്കിലെ ഒൻപത് വില്ലേജുകളിലാണ് എം.ഐ രവീന്ദ്രൻ പട്ടയം നൽകിയത്. അപേക്ഷ നൽകുന്നത് മുതൽ ഒൻപത് നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് പൊതുവെ പട്ടയം അനുവദിക്കാറുള്ളത്. അവയിൽ ഏറ്റവും പ്രധാനം ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരമാണ്. 1999 ൽ പട്ടയം അനുവദിക്കുമ്പോൾ മൂന്ന് തവണ ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം ചേർന്നിരുന്നു. യോഗങ്ങളിൽ 104 പട്ടയങ്ങൾ അനുവദിക്കാനാണ് അനുമതി നൽകിയതെന്ന് എം.ഐ രവീന്ദ്രൻ തന്നെ വിജിലൻസിന് മൊഴി നൽകി. മൂന്നാർ ടൗൺ ഉൾപ്പെടുന്ന കെഡിഎച്ച് വില്ലേജിൽ മാത്രം രവീന്ദ്രൻ 105 പട്ടയങ്ങൾ നൽകിയിരുന്നു.
അപേക്ഷ നൽകിയ അന്ന് തന്നെ പട്ടയം അനുവദിച്ച സംഭവങ്ങളും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. നിരവധി പട്ടയങ്ങളിൽ അപേക്ഷ മുതൽ പട്ടയം നൽകുന്നത് വരെ ഒൻപത് രേഖകളും എം.ഐ രവീന്ദ്രൻ തന്നെയാണ് എഴുതിയത്. തന്റെ ഒപ്പിട്ട് മറ്റാരോ നിരവധി വ്യാജപട്ടയങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും രവീന്ദ്രൻ വിജിലൻസിനോട് സമ്മതിച്ചു. ചുരുക്കത്തിൽ, നിലവിലെ 530 പട്ടയങ്ങൾ റദ്ദാക്കുമ്പോൾ പുതിയതായി പട്ടയം കിട്ടുക അർഹരായ കുറച്ച് പേർക്ക് മാത്രമാകും.
Post Your Comments