തൃശ്ശൂർ: മണ്ണ് കടത്തിന് കുപ്രശസ്തമായ കുന്നംകുളത്തെ മണ്ണുമാഫിയയ്ക്ക് വിവരങ്ങൾ ചോർത്തി നൽകിയ പോലീസുകാരെ സസ്പെൻഡ് ചെയ്തു. 7 പോലീസുകാരെയാണ് കൂട്ടത്തോടെ സസ്പെൻഡ് ചെയ്തത്.
എരുമപ്പെട്ടി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ നാരായണൻ, കുന്നംകുളത്തെ ജോയി തോമസ്, ഗോകുലൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽറഷീദ്, സിവിൽ പോലീസ് ഓഫീസർമാരായ ഷിബിൻ, ഷെജീർ, ഹരികൃഷ്ണൻ എന്നിവരെയാണ് കൂട്ടത്തോടെ സസ്പെൻഡ് ചെയ്തത്. കുന്നംകുളം സ്റ്റേഷനിലെ രണ്ട് ഗ്രേഡ് എസ്ഐമാർ അച്ചടക്കനടപടി നേരിട്ടു.
സ്റ്റേഷൻ പരിധിയിൽ വ്യാപകമായ മണ്ണു കടത്തുണ്ട്. എന്നാലും, എസ്ഐ നേരിട്ട് പരിശോധനയ്ക്ക് ഇറങ്ങിയാൽ ആട് കിടന്നിടത്തു പൂട പോലും കാണില്ല. കഴിഞ്ഞ ദിവസം, എസ് യുടെ മുന്നിൽ പെട്ട മണ്ണു ലോറി ഡ്രൈവറുടെ ഫോൺ പിടിച്ചെടുത്തപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്. ഫോണിലേക്ക് പോലീസുകാരുടെ കോളുകൾ തുരുതുരാ വന്നതോടെ ഇരുവരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് വെളിച്ചത്തായി. ഫോൺ പരിശോധിച്ചപ്പോൾ, നേരത്തെ പോലീസുദ്യോഗസ്ഥർ വിളിച്ചതിന്റെ സംഭാഷണം കിട്ടി. കോൾ ലിസ്റ്റ് കൂടി എടുത്തതോടെ അഴിമതിക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ വേണ്ട തെളിവുകളുമായി. പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് കണ്ടവരെ സസ്പെൻഡ് ചെയ്യാൻ കമ്മീഷണർ തീരുമാനിക്കുകയായിരുന്നു.
Post Your Comments