വെല്ലിംഗ്ടൺ : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സ്വന്തം കല്യാണം മാറ്റിവെച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർദേൺ. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതോടെയാണ് ജസീന്ത ആർദേൺ തന്റെ വിവാഹച്ചടങ്ങുകൾ മാറ്റിവെച്ചത്.
രാജ്യത്തെ പുതിയ കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഏറെ നാളുകളായി പങ്കാളികളായി കഴിയുന്നവരാണ് ജസീന്തയും ക്ലാർക്ക് ഗേയ്‌ഫോഡും. ഇരുവരും വിവാഹ തീയതി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും വരുന്ന ഏതാനും ആഴ്ചകൾക്കുള്ളിൽ നടക്കുമെന്ന് അറിയിച്ചിരുന്നു. ഇതാണ് പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നതോടെ നീട്ടിയത്. അടുത്ത മാസം അവസാനം വരെ നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത.
വാക്‌സിന്റെ ഇരുഡോസുകളും സ്വീകരിച്ചവർക്ക് മാത്രമാണ് ഇനിമുതൽ പൊതുചടങ്ങുകളിൽ പങ്കെടുക്കാൻ അനുമതിയെന്നും ജസീന്ത ആർദേൺ പറഞ്ഞു. പങ്കെടുക്കുന്നവരുടെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പൊതുഗാതാഗത സംവിധാനം ഉപയോഗിക്കുന്നവരും കടകളിൽ കയറി ഇറങ്ങുന്നവരും നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണമെന്നും ജസീന്ത ആർദേൺ വ്യക്തമാക്കി.
Post Your Comments