ഭോപ്പാൽ: മൂന്ന് വീടുകൾ കത്തിക്കുകയും ഒരു ക്ഷേത്രം തകർക്കുകയും ചെയ്ത സംഭവത്തിൽ മധ്യപ്രദേശിൽ ഒരാൾക്കെതിരെ കേസ്. ഒരേ ദിവസം തന്നെ രണ്ട് മുസ്ലീം കുടുംബത്തിന്റെ വീടും ഒരു ഹിന്ദു കുടുംബത്തിന്റെ വീടും കത്തിച്ച ഇയാൾ ഒരു ക്ഷേത്രവും തകർത്തുവെന്നാണ് കേസ്. ജനുവരി അഞ്ചിന് മദ്യലഹരിയിൽ ബണ്ടി ഉപാധ്യായ ഷൗക്കത്ത് അലി എന്നയാളെ ആക്രമിച്ചു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തിരുന്നു.
എന്നാൽ ജാമ്യത്തിലിറങ്ങിയ ഉപാധ്യായ വ്യാഴാഴ്ച, ഷൗക്കത്തിന്റേതടക്കം മൂന്ന് വീടുകൾ അഗ്നിക്കിരയാക്കി. ഷൗക്കത്തിന്റെ സഹോദരി കമ്രൂണിനെ റബ്ബർ പൈപ്പുപയോഗിച്ച് മർദ്ദിച്ചു. പിന്നീട് ഇയാൾ ഒരു ഓട്ടോ കത്തിച്ചു. ചന്ദ്രകാന്ത എന്നയാളുടെ വീടിന് തീയിട്ടു. സംഭവം നടക്കുന്നതിന് ഒരു ദിവസം മുമ്പ് വീട് വിട്ടുപോകാൻ ഉപാധ്യായ തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മുസ്ലീം കുടുംബങ്ങൾ ആരോപിച്ചു.
Read Also: ഷാരൂഖ് ഖാനെ കാണാന്‍ ഇല്ല: സോഷ്യൽ മീഡിയയിൽ ക്യാമ്പയിനിങ്ങുമായി ആരാധകർ
28 ഓളം കേസുകളിൽ പ്രതിയാണ് ഉപാധ്യായയെന്ന് കൊത്വാലി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൽജീത് സിംഗ് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ ആറ് കുറ്റകൃത്യങ്ങളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
‘ഇയാൾ രണ്ട് കുടുംബങ്ങളുമായി വഴക്കുണ്ടാക്കുകയും അവരെ മർദിക്കുകയും ചെയ്തു. തുടർന്ന് രാത്രി ഷൗക്കത്ത് അലിയുടെ പൂട്ടിയിട്ട വീടും സലീം ബേഗിന്റെ ഓട്ടോറിക്ഷയും ചന്ദ്രകാന്തയുടെ വീട്ടുമുറ്റവും തീയിട്ടു. പ്രദേശത്തെ ശിവപാർവതി ക്ഷേത്രവും തകർത്തു. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്’- ഇൻസ്പെക്ടർ പറഞ്ഞു.
Post Your Comments