ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രചാരണ പരിപാടികളുടെ വിലക്ക് നീട്ടാൻ തീരുമാനിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. റാലികളുടെയും റോഡ് ഷോകളുടെയും വിലക്ക് ജനുവരി 31വരെ നീട്ടുമെന്ന് കമ്മീഷൻ അറിയിച്ചു. സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കമ്മീഷൻ ഈ തീരുമാനമെടുത്തിരിക്കുന്നത്.
ഫെബ്രുവരി 10,14 തീയതികളിൽ നടക്കുന്ന തെരഞ്ഞെടുപ്പിന് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ സെക്രട്ടറിയും 5 സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരുമായും തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനമെടുത്തിരിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും ജനുവരി 28 മുതൽ പൊതുയോഗങ്ങളും മറ്റും നടത്താൻ അനുമതി നൽകിയിട്ടുണ്ട്. രണ്ടാം ഘട്ടം നടക്കുന്നയിടങ്ങളിൽ ഫെബ്രുവരി ഒന്നു മുതൽ പൊതുയോഗങ്ങൾ നടത്താമെന്നും കമ്മീഷൻ അറിയിച്ചു. പരിപാടിയിൽ 500 പേർക്ക് പങ്കെടുക്കാമെന്നും അല്ലെങ്കിൽ പൊതുയോഗം നടക്കുന്ന ഗ്രൗണ്ടിന്റെ ശേഷി അനുസരിച്ച് 50 ശതമാനം പേർക്ക് പങ്കെടുക്കാമെന്നും കമ്മീഷൻ വ്യക്തമാക്കി.
Post Your Comments