ലക്നൗ: ബിഎസ്‍പി നേതാവ് മായാവതിയുടെ ഉറ്റ വിശ്വസ്തനായിരുന്ന മുൻ മന്ത്രി ബാബു സിങ് ഖുഷ്‌വാഹയെ കൂട്ടുപിടിച്ച് യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ പുതിയ മുന്നണി പ്രഖ്യാപിച്ച് അസദുദ്ദീൻ ഉവൈസി. സംസ്ഥാനത്ത് എല്ലാ പാര്‍ട്ടികളും കാലങ്ങളായി മുസ്ലിങ്ങളേയും ദലിതുകളേയും അവഗണിക്കുകയാണെന്നും ദലിത് പിന്നോക്ക മുസ്ലിം ഐക്യമാണ് സംസ്ഥാനത്ത് വേണ്ടതെന്നും മൂന്നാംമുന്നണി പ്രഖ്യാപനത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി.
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് പാര്‍ട്ടികളുമായി സഖ്യം ഉണ്ടാകുമെന്നും ഒവൈസി പറഞ്ഞു. ഒബിസി, ദലിത് സമുദായ പാര്‍ട്ടികളുമായി കൈകോർക്കുമെന്നും ഈ സഖ്യത്തിന്റെ തുടർച്ചയായി യുപിയില്‍ ബിജെപിക്കെതിരെ വന്‍ മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തിയാല്‍ രണ്ട് മുഖ്യമന്ത്രി, മൂന്ന് ഉപമുഖ്യമന്ത്രി എന്നിങ്ങനെയുള്ള ഫോര്‍മുലയാണ് തങ്ങൾ ലക്ഷ്യം വെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംഘ്പരിവാരത്തിൽ നിന്നെത്തുന്നവരെ മതേതരാക്കിമാറ്റുന്ന വാഷിങ് മെഷീനാണ് സമാജ്‌വാദി പാർട്ടിയെന്നും അദ്ദേഹം വിമർശിച്ചു. ഹസൻപൂരിൽ എസ്പി സ്ഥാനാർത്ഥിയാകുന്ന മുഖ്യ ഗുർജാർ കാവി ട്രൗസർ ധരിച്ചുകൊണ്ടുള്ള ഫോട്ടോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. അന്തരിച്ച കല്യാൺ സിങ്, ഹിന്ദു യുവവാഹിനിയുടെ സുനിൽ, സ്വാമി പ്രസാദ് എന്നിവരൊക്കെ ഇങ്ങനെ മതേതരരായവരാണെന്നും ഉവൈസി പരിഹസിച്ചു. മാത്രമല്ല, എസ്പിയിലെ മുസ്‌ലിം നേതാക്കൾ ഇവർക്കായി ത്യാഗം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പിൽ മുന്നണി വിജയം നേടിയാൽ രണ്ട് മുഖ്യമന്ത്രിമാരും മൂന്ന് ഉപമുഖ്യമന്ത്രിമാരുമടങ്ങുന്ന സർക്കാരായിരിക്കും നിലവിൽ വരികയെന്നാണ് ഉവൈസി അറിയിച്ചത്. മുഖ്യമന്ത്രിമാരിൽ ഒരാൾ ദലിത് വിഭാഗത്തിൽനിന്നും മറ്റൊരാൾ ഒബിസി വിഭാഗത്തിൽനിന്നുമായിരിക്കും. മൂന്ന് ഉപമുഖ്യമന്ത്രിമാരും മുസ്‍ലിംകളായിരിക്കുമെന്നും മുന്നണി പ്രഖ്യാപനത്തിനിടെ ഉവൈസി വെളിപ്പെടുത്തി. നേരത്തെ എസ്പിയുമായും ഓംപ്രകാശ് രാജ്ബറുമായും ചേർന്ന് ഉവൈസി സഖ്യനീക്കം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. അഖിലേഷ് യാദവ് അനുകൂല നിലപാട് സ്വീകരിക്കാത്തതായിരുന്നു നീക്കം പരാജയപ്പെടാൻ കാരണം.
Post Your Comments