കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ചില സംശയങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതി. ഒരാളെ കൊല്ലുമെന്ന് വെറുതെ വാക്കാല്‍ പറഞ്ഞാല്‍ പോരെന്ന് കോടതി നിരീക്ഷിച്ചു. ആരെങ്കിലും എന്തെങ്കിലും വിളിച്ച് പറഞ്ഞാൽ അത് ഗൂഢാലോചന ആകുന്നതെങ്ങനെയാണെന്നും ഏതെങ്കിലും ശ്രമം കുറ്റം ചുമത്തപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും കോടതി വ്യക്തമാക്കി. പ്രേരണാക്കുറ്റവും ഗൂഢാലോചനക്കുറ്റവും ഒരുമിച്ച് പോകുന്നതല്ലെന്നും കോടതി വിലയിരുത്തി.
Also Read:‘കോവിൻ പോർട്ടലിൽ നിന്ന് വിവരങ്ങൾ ചോർന്നിട്ടില്ല’ : ആരോപണം നിഷേധിച്ച് കേന്ദ്രസർക്കാർ
നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. അതേസമയം, ശക്തമായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദമുന്നയിച്ചു. കൃത്യമായ വധ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അക്കാര്യം വ്യക്തമാക്കുന്ന രണ്ട് പുതിയ കൃത്യമായ തെളിവുകള്‍ പ്രോസ്‌ക്യൂഷന് ലഭിച്ചിട്ടുണ്ടെന്നും അത് ഇപ്പോള്‍ പരസ്യമാക്കാനാകില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.
ദിലീപടക്കമുള്ള ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഇന്നലെ പരിഗണിച്ചെങ്കിലും വിശദമായ വാദം കേള്‍ക്കേണ്ടതിനാല്‍ ഓണ്‍ലൈനായി വേണ്ടെന്ന് കോടതി തീരുമാനിക്കുകയായിരുന്നു. ഒന്നാം പ്രതി ദിലീപിനൊപ്പം സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, സുഹൃത്ത് ബാബു ചെങ്ങമനാട് എന്നിവരുടെ ഹര്‍ജികളാണ് പരിഗണിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്നും കളളക്കേസാണെന്നുമാണ് ദിലീപടക്കമുളള പ്രതികളുടെ വാദം.
Post Your Comments