ThrissurKeralaLatest NewsNews

പിൻഭാഗം ഉയർത്തി ടിപ്പർ ഓടിച്ചു, കുതിരാൻ തുരങ്കത്തിലെ ലൈറ്റുകളും സിസിടിവി ക്യാമറകളും തകർത്ത്: 10 ലക്ഷത്തിന്റെ നാശനഷ്ടം

ഉദ്‌ഘാടനത്തിന് പിന്നാലെ കുതിരാനിൽ ഉണ്ടായത് 10 ലക്ഷത്തിന്റെ നാശനഷ്ടം

തൃശ്ശൂർ : ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിൽ ലൈറ്റുകളും സിസിടിവി ക്യാമറകളും ടിപ്പർ ലോറി തകർത്തു. പിൻഭാഗം ഉയർത്തി ടിപ്പർ ലോറി ഓടിച്ചതാണ് വൻ നാശനഷ്ടത്തിന് വഴിവെച്ചത്. അപകടത്തിൽ ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം വിലയിരുത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രി 8:45 ഓടെയാണ് അപകടം നടന്നത്. ഒന്നാം തുരങ്കത്തിലെ പാലക്കാട് നിന്ന് തൃശ്ശൂരിലേക്ക് വരുന്ന ഭാഗത്താണ് ലൈറ്റുകളും സിസിടിവി ക്യാമറകളും തകർന്നത്. അപകടത്തിൽ ഏകദേശം 104 ലൈറ്റുകൾ തകർന്നു. തുരങ്കത്തിന്റെ തുടക്കത്തിൽ 90 മീറ്റർ വരെ ദൂരത്തിൽ സ്ഥാപിച്ചിരുന്ന ലൈറ്റുകളാണ് തകർന്നു വീണത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം എന്നാണ് വിലയിരുത്തൽ.

Also read : പൊതു പരിപാടികൾ റദ്ദാക്കിയ ഉത്തരവ് പിൻവലിച്ച സംഭവം: കാസർകോട് കളക്ടർക്കെതിരെ ഹൈക്കോടതിയിൽ ഹർജി

ലൈറ്റുകൾ പൊട്ടിവീണത് അറിഞ്ഞ് ലോറി ഡ്രൈവർ വണ്ടി നിർത്തി വാഹനത്തിന്റെ പിൻഭാഗം താഴ്ത്തി യാത്ര തുടർന്നു. സിസിടിവി ദൃശ്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ വണ്ടി തിരിച്ചറിയാൻ പ്രയാസം നേരിടുന്നുണ്ട്. തുരങ്കത്തിന്റെ മറ്റ് ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവികളിൽ പതിഞ്ഞിരിക്കുന്ന ദൃശ്യങ്ങൾ ഉപയോഗിച്ച് വാഹനത്തിന്റെ നമ്പർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

തുരങ്കത്തിലെ വെളിച്ച സംവിധാനത്തിന്റെ ഭാഗമായി സ്ഥാപിച്ച ലൈറ്റുകളാണ് അപകടത്തിൽ തകർന്നത്. ലഭ്യത കുറവുള്ള തരം ലൈറ്റുകൾ ആയതിനാൽ തുരങ്കത്തിലെ വെളിച്ച സംവിധാനം പുനഃസ്ഥാപിക്കാൻ കാലതാമസം നേരിട്ടേക്കാം. രണ്ടാം തുരങ്കം തുറന്ന സാഹചര്യത്തിൽ ഇതുവഴിയുള്ള തിരക്ക് കുറഞ്ഞതിനാൽ ലൈറ്റുകളുടെ അഭാവം വാഹനഗതാഗതത്തെ ബാധിക്കില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കഴിഞ്ഞ ദിവസമാണ് കുതിരാനിലെ രണ്ടാം തുരങ്കപാത പൊതുഗതാഗതത്തിന് തുറന്നു കൊടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button