കെ സുധാകരൻ്റെ അക്രമരാഷ്ട്രീയം മടുപ്പിക്കുന്നുവെന്ന് മുൻ ജഡ്ജി എസ് സുദീപ്. കെ സുധാകരൻ്റെ അക്രമ-വിഘടന രാഷ്ട്രീയത്തിൻ്റെ യഥാർത്ഥ ഗുണഭോക്താക്കൾ ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ കക്ഷികളാണെന്നും അവരാണ് കെ സുധാകരനെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നതെന്നും സുദീപ് വിമർശിച്ചു. ബിജെപിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിക്കുകയാണ് സുദീപ്. ബിജെപി വളർച്ച എന്നുദ്ദേശിക്കുന്നത് ചാക്കിട്ടുപിടുത്തമാണ്. അതിനായി ആവശ്യത്തിലധികം പണവും അധികാരവും അവർക്കുണ്ട്. ആ ചാക്കിൽ ആരൊക്കെ കയറാതെ പോകും എന്നു മാത്രം നോക്കിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
എസ് സുദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
കെ സുധാകരൻ്റെ അക്രമ-വിഘടന രാഷ്ട്രീയത്തിൻ്റെ യഥാർത്ഥ ഗുണഭോക്താക്കൾ ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ കക്ഷികളാണ്. അവരാണ് കെ സുധാകരനെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നത്. അക്രമ രാഷ്ട്രീയത്തിൻ്റെ വക്താക്കളല്ലാത്ത യഥാർത്ഥ കോൺഗ്രസുകാരായ അണികളെ, കെ സുധാകരൻ്റെ അക്രമരാഷ്ട്രീയം വല്ലാതെ മടുപ്പിക്കുന്നുണ്ട്. കോൺഗ്രസിൽ സുധാകരൻ കളിക്കുന്ന ഗ്രൂപ്പ് രാഷ്ട്രീയവും മറ്റുള്ളവരെ ഒതുക്കലും വലിയൊരു വിഭാഗം നേതാക്കളെ അകറ്റിക്കൊണ്ടേയിരിക്കുന്നു. ഇക്കൊല്ലം നടക്കുന്ന സംഘടനാ തെരഞ്ഞെടുപ്പിനു ശേഷം പലരും കോൺഗ്രസിലുണ്ടായെന്നു വരില്ല. രമേശ്-ഉമ്മൻ ചാണ്ടി പക്ഷം സംഘടന പിടിച്ചടക്കിയാൽ പിന്നെ സുധാകരൻ കോൺഗ്രസിൽ നിൽക്കില്ല. സ്വന്തം അധികാരം മാത്രമാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന 2026-ൽ അദ്ദേഹത്തിന് എഴുപത്തിയാറു വയസാകും. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാനുള്ള ലാസ്റ്റ് ബസാണ്. രമേശ് ഡ്രൈവറാകുന്ന ലാസ്റ്റ് ബസിൽ കയറിയിട്ട് സുധാകരനു യാതൊരു കാര്യവുമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുമ്പ് പരസ്യമായി പറഞ്ഞതുപോലെ സുധാകരൻ ബിജെപിയിലെത്തും. എവിടെയായാലും സുധാകരന് അധികാരം മാത്രമാണു ലക്ഷ്യം.
സംഘടനാ തെരഞ്ഞെടുപ്പിൽ സുധാകരൻ്റെ അക്രമ രാഷ്ട്രീയമാണു വിജയിക്കുന്നതെങ്കിലോ? രമേശിനെ സംബന്ധിച്ചിടത്തോളം ഇനി ബാക്കിയുള്ളത് മുഖ്യമന്ത്രി സ്ഥാനം മാത്രമാണ്. സുധാകരൻ-സതീശൻ അച്ചുതണ്ടിൻ്റെ ധാർഷ്ട്യത്തിനു വഴങ്ങി വെറുമൊരു എംഎൽഎ മാത്രമായി കോൺഗ്രസിൽ തുടരേണ്ട ആവശ്യവും രമേശിനില്ല. പ്രതിപക്ഷ നേതൃസ്ഥാനം മാന്യമായി ഒഴിയാനുള്ള അവസരം പോലും ഹൈക്കമാൻ്റ് രമേശിനു നൽകാതിരുന്നത് രമേശ് മാത്രമല്ല ആരും മറന്നിട്ടില്ല. ഒരു സൂചന പോലും നൽകാതെ രമേശിനെ പുറത്താക്കുകയായിരുന്നു. നേരത്തേ ഒന്നു പറഞ്ഞെങ്കിൽ കൻ്റോൺമെൻ്റ് ഹൗസെങ്കിലും രമേശ് ഒഴിയുമായിരുന്നു. തന്നെ മാറ്റില്ലെന്നു പറഞ്ഞതു രമേശ് വിശ്വസിച്ചു. പൊടുന്നനെ മാറ്റിയ ശേഷം രമേശിന് അപമാനിതനായി കൻ്റോൺമെൻ്റ് ഹൗസിൽ നിന്ന് ഇറങ്ങേണ്ടി വന്നു. സംഘടനാ തെരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ് വിടുന്നതിനു രമേശ് നിർബന്ധിതനായാൽ, തീർച്ചയായും സഹതാപത്തിൻ്റെ ആനുകൂല്യം ജനത്തിൽ നിന്നു രമേശിനു കിട്ടും. എന്തായാലും ശരി ഒരു വിഭാഗം സംഘടനാ തെരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസിലുണ്ടാവാൻ സാദ്ധ്യത തീരെക്കുറവാണ്.
തെന്നിന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളിലെ വളർച്ചയ്ക്ക് ഊന്നൽ നൽകാൻ ബിജെപി ദേശീയ സമിതി തീരുമാനിച്ചത് ഇതുമായി ചേർത്തു വായിക്കണം. ബിജെപി വളർച്ച എന്നുദ്ദേശിക്കുന്നത് ചാക്കിട്ടുപിടുത്തമാണ്. അതിനായി ആവശ്യത്തിലധികം പണവും അധികാരവും അവർക്കുണ്ട്. ആ ചാക്കിൽ ആരൊക്കെ കയറാതെ പോകും എന്നു മാത്രം നോക്കിയാൽ മതി. വളർച്ച ബിജെപിക്കായിരിക്കും എന്നു ചുരുക്കം. അതിന് അരങ്ങൊരുക്കുകയാണ് സുധാകരൻ. അതുകൊണ്ടാണ് ബിജെപി സുധാകരനെ വിമർശിക്കാത്തത്. ഒന്നുകിൽ തൻ്റെ പക്ഷത്തെ, അല്ലെങ്കിൽ രമേശ് പക്ഷത്തെ പാർട്ടിക്കു പുറത്തെത്തിക്കുമെന്ന സുധാകരൻ്റെ നിലപാടിൽ ബിജെപിക്ക് അങ്ങേയറ്റം വിശ്വാസമുണ്ട്. സുധാകരനിൽ അതിലേറെ വിശ്വാസവും. കോൺഗ്രസിൻ്റെ തകർച്ചയും ബിജെപിയുടെ വളർച്ചയും കാത്തിരിക്കുന്നവരാണ് ന്യൂനപക്ഷ വർഗീയ കക്ഷികൾ. ബിജെപിയുടെ ബി ടീം ആണവർ. ബിജെപിയുടെ കറതീർന്ന ഏജൻ്റുമാർ. ബിജെപി തന്നെയാണ് ചെല്ലും ചെലവും നൽകി അവരെ വളർത്തുന്ന സ്പോൺസർമാർ. ഭൂരിപക്ഷ വർഗീയതയെ വളർത്താൻ ന്യൂനപക്ഷ വർഗീയത വേണം, ന്യൂനപക്ഷ വർഗീയതയ്ക്കു വളരാൻ ഭൂരിപക്ഷ വർഗീയതയും. അത് അവർ തമ്മിലുള്ള പരസ്പര ധാരണയാണ്. വർഗീയതയ്ക്കു വളക്കൂറുണ്ടാക്കാൻ ഇരുപക്ഷവും വേണം. ഞങ്ങൾ നിങ്ങളിൽ ഒരാളെ ഇന്നു കൊല്ലും, ഇന്നുതന്നെ നിങ്ങൾ തിരിച്ചും കൊല്ലണം എന്നതൊരു ഐക്യമാണ്. ആളെയടക്കം ഇരുകൂട്ടരും ചേർന്ന് തീരുമാനിക്കും. കേരളത്തിൽ വർഗീയത തഴച്ചു വളരേണ്ടതും കേരളം കലാപഭൂമിയാകേണ്ടതും ഇരുകൂട്ടരുടെയും ആവശ്യമാണ്, നിലനില്പിൻ്റെ പ്രശ്നമാണ്, വളർച്ചയുടെ രാസത്വരകമാണ്.
ബിജെപിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന സുധാകരൻ്റെ അക്രമ- വിഘടന രാഷ്ട്രീയത്തിൽ ബിജെപിയെ പോലെ തന്നെ ന്യൂനപക്ഷ വർഗീയ ഭ്രാന്തന്മാർ ആഹ്ലാദം കൊള്ളുന്നുണ്ട്, ആവേശഭരിതരാകുന്നുണ്ട്. സുധാകരനെ കേരള രാഷ്ട്രീയത്തിലെ താരമെന്നും പൊലീസിനെ തല്ലിച്ചതയ്ക്കാൻ നേതൃത്വം നൽകിയ, പശുക്കിടാവിനെ പൊതുനിരത്തിൽ അറുത്ത് മൃഗീയമായി പെരുമാറി പാർട്ടി നടപടി നേരിട്ട കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയെ സുധാകരനു ശേഷമുള്ള താരോദയമെന്നും വിശേഷിപ്പിച്ച് ന്യൂനപക്ഷ വർഗീയ പ്രൊഫൈലുകൾ പോസ്റ്റുകളും കമൻ്റുകളുമായി നിറഞ്ഞാടുകയാണ്. കോൺഗ്രസിലെ അക്രമ രാഷ്ട്രീയത്തിൻ്റെ വളർച്ച ബിജെപിയെയും തങ്ങളെയുമാണ് ആത്യന്തികമായി സഹായിക്കുക എന്ന നേരറവിൻ്റെ ആഹ്ലാദപ്രകടനങ്ങളാണവ. അക്രമത്തിൻ്റെയും വർഗീയതയുടെയും വളർച്ചയ്ക്കു പ്രേരകമാകുന്ന ഏതു കാര്യവും ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ കക്ഷികളെ ആഹ്ലാദഭരിതരാക്കും. അവർ ഇരുകൂട്ടരുടെയും കേരളത്തിലെ ഹാപ്പിനസ് ഇൻഡക്സ് നിശ്ചയിക്കുന്നത് കെ സുധാകരനാണ്. എതിർപക്ഷത്തെ സമുന്നത നേതാക്കളായ പിണറായി വിജയനെയും കൊടിയേരി ബാലകൃഷ്ണനെയും ചികിത്സയുടെ പേരു പറഞ്ഞ് അവഹേളിച്ച് മുഖ്യമന്ത്രിക്കു തുറന്ന കത്തെഴുതിയ ഈ സുധാകരനാണോ ഗാന്ധിയുടെയും നെഹ്റുവിൻ്റെയും തെന്നലയുടെയുമൊക്കെ പിൻഗാമി? എങ്കിൽ, ഹാ കഷ്ടം!
Post Your Comments