ന്യൂഡൽഹി: സ്വാതന്ത്ര്യ സമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ ഇന്ത്യാ ഗേറ്റിൽ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രാനൈറ്റിൽ തീർത്ത പ്രതിമയുടെ നിർമാണം പൂർത്തിയാകുന്നതുവരെ ഹോളാഗ്രാം പ്രതിമ സ്ഥാപിക്കും. നേതാജിയുടെ 125ാം ജന്മ വാർഷികമായ ഈ മാസം 23ന് ഇന്ത്യാ ഗേറ്റിനു സമീപം ഹോളാഗ്രാം പ്രതിമ അനാച്ഛാദനം ചെയ്യുമെന്നും പ്രധാനമന്ത്രി അറിയിച്ചു. നേതാജിയോടുള്ള രാജ്യത്തിന്റെ കടപ്പാടിന്റെ പ്രതീകമാണ് ഈ പ്രതിമയെന്നും പ്രധാനമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. നേതാജിയുടെ 125-ാം ജയന്തി ദിനത്തിൽ ഇന്ത്യാ ഗേറ്റിൽ പ്രതിമ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം വരുംതലമുറയ്ക്കും പ്രചോദനമാകുമെന്നും അമിത്ഷാ ട്വീറ്റ് ചെയ്തു.
പതിറ്റാണ്ടുകളായി സുഭാഷ് ചന്ദ്രബോസിനെ ഈ രാജ്യം അവഗണിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രിയുടെ ഈ തീരുമാനത്തിൽ അതിയായ സന്തോഷമുണ്ടെന്നും നേതാജിയുടെ കുടുംബാംഗമായ മുൻ മേജർ ജനറൽ ജിഡി ബക്ഷിയും പറഞ്ഞു.പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും സന്തോഷം പ്രകടിപ്പിച്ചു. 28അടി ഉയരവും ആറടി വീതിയിലുമുള്ള പ്രതിമയാവും സ്ഥാപിക്കുന്നത്. ഇതിന് മുമ്പ് കിന്റ് ജോർജ് അഞ്ചാമന്റെ പ്രതിമയാണ് ഇന്ത്യാ ഗേറ്റിൽ സ്ഥാപിച്ചിരുന്നത്. എന്നാൽ 1968ൽ ഈ പ്രതിമ നീക്കംചെയ്യുകയായിരുന്നു.
Post Your Comments