കൊൽക്കത്ത: രാജ്യത്തെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ ഇന്ന് മുതൽ പ്രവർത്തനമാരംഭിച്ചു. മാർച്ച് ആദ്യവാരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത അണ്ടർ വാട്ടർ മെട്രോയാണ് ഇന്ന് പൊതുജനങ്ങൾക്കായി തുറന്നുനൽകിയത്. കൊൽക്കത്ത ഈസ്റ്റ്- വെസ്റ്റ് മെട്രോയിലെ ഹൗറ മൈതാനിയിൽ നിന്നാണ് ആദ്യ സർവീസ് പുറപ്പെട്ടത്. അണ്ടർ വാട്ടർ മെട്രോയുടെ ഭാഗമാകാൻ വൻ ജനത്തിരക്കാണ് ഇന്ന് രാവിലെ മുതൽ ഓരോ മെട്രോ സ്റ്റേഷനിലും അനുഭവപ്പെടുന്നത്.
ഹൗറ മൈതാനി എക്സ്പ്ലൈനേഡുമായി ബന്ധിപ്പിക്കുന്ന മെട്രോ പാതയിൽ നിന്നും 4.8 കിലോമീറ്റർ ദൂരമാണ് മെട്രോ ടണൽ വരുന്നത്. ഇതിൽ 520 മീറ്റർ ദൂരം അണ്ടർ വാട്ടർ മെട്രോയായ ഹൂഗ്ലി നദിയുടെ അടിയിലൂടെയാണ് കടന്നുപോകുന്നത്. ഹൂഗ്ലി നദിയുടെ അടിത്തട്ടിലുള്ള ടണലുകൾ എൻജിനീയറിംഗ് വിസ്മയമായാണ് കണക്കാക്കുന്നത്. കൊൽക്കത്ത മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിനായിരുന്നു അണ്ടർ വാട്ടർ മെട്രോയുടെ നിർമ്മാണ ചുമതല.
സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും താഴെയായി സ്ഥിതി ചെയ്യുന്ന മെട്രോ സ്‌റ്റേഷനാണ് ഹൗറ. ഉപരിതലത്തിൽ നിന്ന് 33 മീറ്റർ താഴ്ചയിലാണ് സ്റ്റേഷനുള്ളത്. അണ്ടർ ഗ്രൗണ്ടിലുള്ള മൂന്നെണ്ണമടക്കം ആറ് സ്‌റ്റേഷനുകളാണ് പാതയിലുള്ളത്. ഹൗറ മൈതാൻ, ഹൗറ സ്‌റ്റേഷൻ കോംപ്ലക്‌സ്, ബിബിഡി ബാഗ് (മഹാകരൺ) എന്നിവയാണ് ഈസ്റ്റ്-വെസ്റ്റ് മെട്രോയുടെ ഗ്രീൻ ലൈനിലെ മൂന്ന് സ്‌റ്റേഷനുകൾ.
Post Your Comments