കാസർകോട്: ജില്ലയിൽ പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ തീരുമാനം പിൻവലിച്ചത് ആരുടെയും സമ്മർദം മൂലമല്ലെന്ന്കാസർകോട് ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്. നേരത്തെ നിലവിലുണ്ടായിരുന്ന മാർഗനിർദേശം അനുസരിച്ചാണ് നിയന്ത്രണം പ്രഖ്യാപിച്ചത്. പുതിയ മാർഗനിർദേശങ്ങൾ വന്നതിനെ തുടർന്നാണ് തീരുമാനം റദ്ദാക്കിയത്. ഇത് സംബന്ധിച്ച് വരുന്ന മാധ്യമവാർത്തകൾ തെറ്റാണെന്നും കലക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പകരം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം അടിസ്ഥാനമാക്കി പുതിയ മാനദണ്ഡം ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തോട് താൻ വ്യക്തിപരമായി യോജിക്കുന്നുവെന്നും കലക്ടർ പറഞ്ഞു. ആവശ്യമില്ലെങ്കിൽ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ്? ലോക്ക് ഡൗണ്‍ ബാധിക്കുന്നത് തന്നെപ്പോലുള്ള ശമ്പളക്കാരെയല്ല. റിക്ഷാ ഡ്രൈവര്‍മാരാണ് കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലയളവില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്തത്. ടിപിആര്‍ ഉയര്‍ന്നതാണെങ്കിലും ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് നടത്തിയ പരിശോധനകളുടെ എണ്ണം കുറവാണ്. മൊത്തം കേസുകളുടെ എണ്ണവും ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ മൊത്തം എണ്ണവും നോക്കുകയാണെങ്കില്‍ സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
കാസർകോട് ജില്ലയിൽ പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപെടുത്തിയ തീരുമാനം രണ്ട് മണിക്കൂറുകൾക്കുള്ളിൽ കലക്ടർ പിൻവലിച്ചിരുന്നു. സിപിഎം ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കുന്നതിനാലാണ് കലക്ടർ തീരുമാനം മാറ്റിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കലക്ടർ വിശദീകരണവുമായി രംഗത്തെത്തിയത്.
Post Your Comments