ചിറ്റൂർ: മാഞ്ചിറയിൽ വീട്ടിൽ സൂക്ഷിച്ച 30 ലക്ഷത്തിന്റെ ലഹരി വസ്തുക്കൾ എക്സൈസ് അധികൃതർ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നെന്മാറ വലങ്ങി സ്വദേശിയും ഒരു വർഷക്കാലമായി മാഞ്ചിറയിൽ താമസമാക്കിയ രാജേന്ദ്രനെ (46) എക്സൈസ് അറസ്റ്റ് ചെയ്തു. മാഞ്ചിറയിൽ വീടു വാടകയ്ക്കെടുത്താണ് രാജേന്ദ്രൻ താമസിച്ചുവരുന്നത്.
ഇയാളുടെ വാടക വീട്ടിൽ നിന്നുമാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. വീടിനകത്ത് കിടപ്പുമുറികളിലാണ് ഹാൻസ് കണ്ടെത്തിയത്. നൂറു ചാക്കുകളിലായി സൂക്ഷിച്ച 1320 കിലോഗ്രാം ഹാൻസാണ് ഒളിപ്പിച്ചിരുന്നത്. വിപണിയിൽ ഇതിനു മുപ്പതു ലക്ഷത്തോളം വിലവരുമെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി.
Read Also : വി.എസ്.അച്യുതാനന്ദന് കൊവിഡ് 19 സ്ഥിരീകരിച്ചു
തമിഴ്നാട് പൊള്ളാച്ചിയിൽ നിന്നും എത്തിച്ച് പാലക്കാട്, തൃശൂർ ജില്ലകളിലെ വ്യാപാര സ്ഥാപനങ്ങളിലൂടെയാണ് കച്ചവടം നടത്തിവന്നിരുന്നത്. തമിഴ്നാട്ടിൽ നിന്നും ഹാൻസ് പായ്ക്കറ്റ് ഒന്നിന് മൂന്നു മുതൽ നാല് രൂപ വരെ വിലയ്ക്കു വാങ്ങി 25, 30 രൂപ വിലയിലാണ് വില്പപന. വ്യാപാരികൾ ഇടപാടുകാർക്ക് രഹസ്യമായാണ് ഹാൻസ് കൈമാറുന്നത്. അപരിചിതരായവർ ഹാൻസ് വാങ്ങാനെത്തിയാൽ എക്സൈസ് ജീവനക്കാരെന്നു കരുതി വില്പനയില്ലെന്നുപറഞ്ഞ് തിരിച്ചയയ്ക്കുകയുമാണ് പതിവ്.
ചിറ്റൂർ റെയ്ഞ്ച് ഇൻസ്പെക്ടർ പി. രമേശിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പ്രിവന്റീവ് ഓഫീസർ എ.കെ. സുമേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.ടി. പ്രീജു, എം. രാകേഷ്, യു. ദിലീപ് കുമാർ വനിത സിവിൽ എക്സൈസ് ഓഫീസർ എം.സ്മിത എന്നിവരുടെ സംഘം മിന്നൽ പരിശോധന നടത്തിയാണ് പിടികൂടിയത്.
Post Your Comments