കോട്ടയം: വായോധികർ മാത്രം താമസിക്കുന്ന വീട്ടിൽ മോഷണത്തിനെത്തിയ കള്ളനെ സാഹസികമായി പിടികൂടി പോലീസ്. ഒന്നര കിലോമീറ്റർ പിന്നാലെ ഓടിയാണ് കള്ളനെ പോലീസ് പിടികൂടിയത്. സ്റ്റേഷൻ പരിധി നോക്കാതെ കള്ളനെ സാഹസികമായി പിടികൂടിയ തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ എസ്ഐ വി.എം.ജയ്മോനും സംഘത്തിനും അഭിനന്ദന പ്രവാഹമാണ്.
കീഴൂർ ചിറ്റേട്ട് പുത്തൻപുര ബോബിൻസ് ജോൺ (32) ആണ് മോഷണക്കേസിൽ പിടിയിലായത്. വിമുക്തഭടനായ കീഴൂർ മേച്ചേരിൽ എം.എം. മാത്യുവിന്റെ (80) വീട്ടിൽ കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. വാതിൽ പൊളിക്കാനും പൂട്ടുതുറക്കാനും ഉപയോഗിക്കുന്ന സ്റ്റീൽ കൊണ്ടുള്ള ആയുധവും പൊലീസ് കണ്ടെടുത്തു. തലയോലപ്പറമ്പിൽ പട്രോളിങ് നടത്തുന്നതിനിടെ എസ്ഐ ജയ്മോനു ‘കീഴൂരിൽ ഒരു വീട്ടിൽ കള്ളൻ മോഷണത്തിന് ശ്രമിക്കുന്നു’ എന്ന് ഒരു ഫോൺകോൾ വന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സന്ദേശത്തിൽ പറഞ്ഞ മേൽവിലാസത്തിൽ പോലീസ് പരിശോധനയ്ക്ക് എത്തുകയും കള്ളനെ കാണുകയുമായിരുന്നു.
പ്രായമായ മാതാപിതാക്കൾ തനിച്ചു താമസിക്കുന്ന വീട്ടിലെ സിസി ടിവി ദൃശ്യങ്ങൾ പാലായിൽ താമസിക്കുന്ന മകൾ സോണിയ തന്റെ ഫോണിൽ തത്സമയം കാണുകയായിരുന്നു. മോഷ്ടാവ് കവർച്ചയ്ക്കു മുന്നോടിയായി സിസി ടിവി ക്യാമറകൾ തുണികൊണ്ട് മൂടുന്നതായിരുന്നു യുവതി കണ്ടത്. ഭയന്നുപോയ യുവതി ഉടൻ തന്നെ അയൽവാസിയെ വിളിച്ച് വിവരമറിയിച്ചു. അയൽവാസിയാണ് പോലീസിനെ വിളിച്ച് പറഞ്ഞത്. വീടിന്റെ ഗേറ്റ് ചാടിക്കടന്ന് പിന്നിലെത്തിയ പൊലീസിനെ കണ്ട് മോഷ്ടാവ് രണ്ടാം നിലയിൽ നിന്നു മുറ്റത്തേക്ക് ചാടി, നൈറ്റി ആയിരുന്നു ധരിച്ചിരുന്നത്. ഇയാളെ പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
Post Your Comments