കോട്ടയം: പ്രായമായ ദമ്പതികള്‍ താമസിക്കുന്ന വീട്ടില്‍ കയറിയ മോഷ്ടാവിനെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്. സ്റ്റേഷന്‍ പരിധി നോക്കാതെ എസ്‌ഐ നടത്തിയ സമയോചിതമായ ഇടപെടലിലാണ് കള്ളന്‍ കുടുങ്ങിയത്. വിമുക്തഭടനായ കീഴൂര്‍ മേച്ചേരില്‍ എം.എം. മാത്യുവിന്റെ (80) വീട്ടിലാണ് കള്ളന്‍ കയറിയത്. ഈ ദൃശ്യങ്ങള്‍ പാലായില്‍ താമസിക്കുന്ന മകള്‍ സോണിയ മാത്യു തല്‍സമയം സ്വന്തം ഫോണില്‍ കണ്ടു. ഇതാണ് കള്ളനെ കുടുക്കാന്‍ ഇടയാക്കിയത്.
തലയോലപ്പറമ്പ് സ്റ്റേഷനിലെ പൊലീസ് സംഘം പൊതി മേഴ്‌സി ആശുപത്രിക്ക് സമീപം പട്രോളിങ് നടത്തുന്നതിനിടെയാണ് കീഴൂരിലെ ഒരു വീട്ടില്‍ കള്ളന്‍ കയറിയതായി എസ്‌ഐ ജയ്‌മോനു ഫോണ്‍ വന്നത്. മോഷ്ടാവ് കവര്‍ച്ചയ്ക്കു മുന്നോടിയായി സിസി ടിവി ക്യാമറകള്‍ തുണികൊണ്ടു മൂടുന്നു എന്നായിരുന്നു സന്ദേശം. പ്രായമായ മാതാപിതാക്കള്‍ തനിച്ചു താമസിക്കുന്ന വീട്ടിലെ സിസി ടിവി ദൃശ്യങ്ങള്‍ പാലായില്‍ താമസിക്കുന്ന മകള്‍ സോണിയ മാത്യു തല്‍സമയം സ്വന്തം ഫോണില്‍ കണ്ടതാണ്. ഭയന്നു പോയ മകള്‍ കീഴൂരില്‍ അയല്‍വാസിയായ പ്രഭാത് കുമാറിനെ വിവരം അറിയിച്ചു. പ്രഭാത് എസ്‌ഐ ജയ്‌മോനു വിവരം കൈമാറുകയായിരുന്നു.
സംഭവം അറിഞ്ഞ് പൊലീസ് സ്റ്റേഷന്‍ പരിധി പോലും നോക്കാതെ എത്തിയ തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ വി എം.ജയ്‌മോനും സംഘവുമാണ് കള്ളനെ പിടികൂടിയത്. ഒന്നര കിലോമീറ്റര്‍ പിന്നാലെ ഓടിയാണ് ഇവര്‍ കള്ളനെ പിടികൂടിയത്. കീഴൂര്‍ ചിറ്റേട്ട് പുത്തന്‍പുര ബോബിന്‍സ് ജോണ്‍ (32) ആണ് പിടിയിലായത്. വാതില്‍ പൊളിക്കാനും പൂട്ടുതുറക്കാനും ഉപയോഗിക്കുന്ന സ്റ്റീല്‍ കൊണ്ടുള്ള ആയുധവും പൊലീസ് കണ്ടെടുത്തു. സംഭവം അറിഞ്ഞ ഉടന്‍ പൊലീസ് സംഘം ഓടി എത്തി. വെള്ളൂര്‍ സ്റ്റേഷന്‍ പരിധിയിലായിരുന്നു വീടെന്നതു കണക്കാക്കാതെ ജയ്‌മോനും സീനിയര്‍ സിപിഒ രാജീവും സ്ഥലത്തേക്ക് പാഞ്ഞത്.
ഒപ്പം വെള്ളൂര്‍ സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തു. വീടിന്റെ ഗേറ്റ് ചാടിക്കടന്ന് പിന്നിലെത്തിയ പൊലീസിനെ കണ്ട് മോഷ്ടാവ് രണ്ടാം നിലയില്‍ നിന്നു മുറ്റത്തേക്ക് ചാടിയോടി. സ്ത്രീകളുടെ നൈറ്റിയാണ് ഇയാള്‍ ധരിച്ചിരുന്നത്. അപ്പോഴേക്കും വെള്ളൂര്‍ എസ്‌ഐ കെ.സജിയും സിപിഒ പി.എസ്.ബിബിനും സ്ഥലത്ത് എത്തി. റോഡിലൂടെയും റബര്‍ തോട്ടത്തിലൂടെയും പാടത്തുകൂടിയും ഓടിയ മോഷ്ടാവിനെ പൊലീസ് സംഘം പിന്നാലെ ഓടി കുറ്റിക്കാട്ടില്‍നിന്ന് പിടികൂടി വെള്ളൂര്‍ പൊലീസിനു കൈമാറി. പ്രതിയെ കോടതിയില്‍ ഹാജരാക്കിയതായി വെള്ളൂര്‍ എസ്‌എച്ച്‌ഒ എ.പ്രസാദ് അറിയിച്ചു.
Post Your Comments