ഡൽഹി: അതിർത്തിക്കുള്ളിൽ കയറി ഇന്ത്യൻ യുവാവിനെ ചൈനീസ് പട്ടാളം തട്ടിക്കൊണ്ടു പോയെന്ന റിപ്പോർട്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് വാക്താവ് ഷമ മുഹമ്മദ്. എന്ത് ചെയ്താലും പ്രധാനമന്ത്രി മോദി മിണ്ടാതിരിക്കും എന്ന ആത്മവിശ്വാസം കൊണ്ട് മാത്രമാണ് ചൈന ഇത്രയും ചങ്കൂറ്റം കാണിക്കുന്നതെന്നും നമ്മുടെ രാജ്യത്ത് നിന്നും ഒരാളെ തട്ടിക്കൊണ്ട് പോകാൻ ധൈര്യം കാണിക്കുന്നതെന്നും ഷമ മുഹമ്മദ് ആരോപിച്ചു.
’17 കാരനായ മിറാം തരോണിനെ അരുണാചൽ പ്രദേശിൽ നിന്ന് ചൈന തട്ടിക്കൊണ്ടുപോയെന്നാണ് ഉയരുന്ന ആരോപണം. ചൈന നമ്മുടെ ഭൂമി തട്ടിയെടുക്കുന്നതിൽ മാത്രം തൃപ്തരല്ല, അത് ഇപ്പോൾ നമ്മുടെ സാധാരണക്കാർക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. എന്ത് ചെയ്താലും പ്രധാനമന്ത്രി മോദി മിണ്ടാതിരിക്കും എന്ന ആത്മവിശ്വാസം കൊണ്ട് മാത്രമാണ് ചൈന ഇത്രയും ചങ്കൂറ്റം കാണിക്കുന്നത്’, അതിർത്തിക്കുള്ളിൽ കയറി ഇന്ത്യൻ യുവാവിനെ ചൈനീസ് പട്ടാളം തട്ടിക്കൊണ്ടു പോയെന്ന വാർത്ത പങ്കുവെച്ചുകൊണ്ട് ഷമ മുഹമ്മദ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, അരുണാചൽ പ്രദേശിൽ സിയാങ് ജില്ലയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. 17 വയസ്സുള്ള മിരം താരോൺ എന്ന യുവാവിനെയാണ് അതിർത്തി കടന്നെത്തിയ ചൈനീസ് സേന തട്ടിക്കൊണ്ട് പോയത്. അരുണാചൽ പ്രദേശ് എം.പി താപിർ ഗുവയാണ് ഇക്കാര്യം പുറത്ത് വിട്ടത്. താരോണിനോടൊപ്പം, മറ്റൊരു യുവാവിനെക്കൂടി ചൈനീസ് പട്ടാളം പിടികൂടിയിരുന്നു. എന്നാൽ, ചൈനീസ് പട്ടാളത്തിന്റെ കൈയിൽ നിന്നും രക്ഷപ്പെട്ട ഇയാൾ ആണ് അധികൃതരെ വിവരം അറിയിച്ചത്.
Post Your Comments