ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് പ്രമുഖര്‍ക്കും സുരക്ഷ ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെയും മറ്റ് പ്രമുഖരുടെയും ജീവന് ഭീഷണിയാകുന്ന ഭീകരാക്രമണ പദ്ധതിയെക്കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് മുന്നറിയിപ്പ് ലഭിച്ചെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ഇന്ത്യ ടുഡേ പുറത്തുവിട്ടിരിക്കുന്നത്.
ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി മോദിക്കും മറ്റ് പ്രമുഖര്‍ക്കും ഭീഷണിയുണ്ടെന്ന് ഒമ്പത് പേജുള്ള ഇന്റലിജന്‍സ് ഇന്‍പുട്ട്, ലഭിച്ചെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ എന്നീ അഞ്ച് മധ്യേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളെ മുഖ്യാതിഥികളായി റിപ്പബ്ലിക് ദിനത്തില്‍ ക്ഷണിക്കാന്‍ സാധ്യതയുണ്ട്.
പാകിസ്ഥാന്‍ / അഫ്ഗാനിസ്ഥാന്‍ മേഖലയില്‍ നിന്നുള്ള ഗ്രൂപ്പുകളില്‍ നിന്നാണ് ഭീഷണി ഉയര്‍ന്നതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഈ ഗ്രൂപ്പുകള്‍ ഉന്നതരായ പ്രമുഖരെ ലക്ഷ്യമിട്ട് പൊതുയോഗങ്ങള്‍, നിര്‍ണായക സ്ഥാപനങ്ങള്‍, തിരക്കേറിയ സ്ഥലങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് അട്ടിമറി ശ്രമങ്ങള്‍ നടത്താനും പദ്ധതിയുണ്ട്. ഡ്രോണ്‍ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണത്തിന് പദ്ധതിയെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ലഷ്‌കര്‍ – ഇ – തൊയ്ബ, ദി റെസിസ്റ്റന്‍സ് ഫോഴ്‌സ് , ജെയ്‌ഷെ മുഹമ്മദ്, ഹര്‍കത്ത് ഉള്‍ മുജാഹിദ്ദീന്‍ , ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ ഭീകര സംഘടനകളാണ് ഭീകരാക്രമണത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഖാലിസ്ഥാനി ഗ്രൂപ്പുകളും പഞ്ചാബിലെ തീവ്രവാദത്തെ പുനരുജ്ജീവിപ്പിക്കാന്‍ കേഡര്‍മാരെ അണിനിരത്തുന്നുണ്ടെന്ന് ഇന്‍പുട്ടില്‍ വ്യക്തമാക്കുന്നു. പഞ്ചാബിലും മറ്റ് സംസ്ഥാനങ്ങളിലും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും അവര്‍ ആസൂത്രണം ചെയ്യുന്നുണ്ട്.
ഖാലിസ്ഥാനി തീവ്രവാദ ഗ്രൂപ്പുകള്‍ പ്രധാനമന്ത്രിയുടെ യോഗവും യാത്രാ വേദികളും ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി 2021 ഫെബ്രുവരിയില്‍ ലഭിച്ച ഒരു ഇന്‍പുട്ടില്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments