കൊല്ലം ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ച് ഗുണ്ടാ-ക്വട്ടേഷൻ പ്രവർത്തനം നടത്തി വരുന്ന ഒൻപതംഗ ഗുണ്ടാ സംഘത്തെ കായംകുളം പോലീസ് അറസ്റ്റു ചെയ്തു. എരുവ ഇല്ലത്ത് പുത്തൻ വീട്ടിൽ ജിജീസ് വില്ലയിൽ തക്കാളി ആഷിഖ് എന്ന് വിളിക്കുന്ന ആഷിഖ് , എരുവ ചെറുകാവിൽ കിഴക്കതിൽ വീട്ടിൽ വിഠോബ ഫൈസൽ, കായംകുളം ചേരാവള്ളി ഓണമ്പള്ളിൽ വീട്ടിൽ സമീർ, കരുനാഗപ്പള്ളി തൊടിയൂർ ഇടയിലെ വീട്ടിൽ ഹാഷിർ, നൂറനാട് പാലമേൽ കുറ്റിപറമ്പിൽ ഹാഷിം, ആലപ്പുഴ കോമളപുരം ബർണാഡ് ജംഗ്ഷൻ എട്ടു കണ്ടത്തിൽ വീട്ടിൽ മാട്ട കണ്ണൻ എന്ന് വിളിക്കുന്ന കണ്ണൻ, മാവേലിക്കര തെക്കേക്കര പല്ലാരിമംഗലം ചാക്കൂർ വീട്ടിൽ ഉമേഷ്, ഓച്ചിറ മേമന ലക്ഷ്മി ഭവനം കുക്കു എന്ന് വിളിക്കുന്ന മനു, കായംകുളം സെയ്താര് പള്ളിക്ക് സമീപം വരിക്കപ്പള്ളിൽ വീട്ടിൽ ഷാൻ, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ, കായംകുളം, ഓച്ചിറ എന്നീ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതികളായ ഈ ഗുണ്ടാ സംഘം കായംകുളം ഭാഗത്ത് ഗുണ്ടാ – ക്വട്ടേഷൻ ആക്രമണം നടത്തുന്നതിനായി പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലായത്.
Also Read : നടി നിക്കി ഗല്‍റാണിയുടെ വീട്ടില്‍ മോഷണം: പ്രതി പിടിയിൽ, സിസിടിവി ദൃശ്യങ്ങൾ തെളിവായി
കാപ്പാ പ്രകാരം നാടുകടത്തിയ വിഠോബ ഫൈസലും, തക്കാളി ആഷിഖും ഉത്തരവ് ലംഘിച്ചാണ് ആലപ്പുഴ ജില്ലയിൽ പ്രവേശിച്ച് ഈ സംഘത്തിനൊപ്പം കൂടിയത്. ഇരുവർക്കുമെതിരെ കാപ്പാനിയമം ലംഘിച്ചതിന് കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം ഇവർ ആസൂത്രണം ചെയ്ത പദ്ധതി പൊളിക്കാനായതായി ജില്ലാ പോലീസ് മേധാവി ജെ. ജയ്ദേവ് ഐപിഎസ് അറിയിച്ചു. ഗുണ്ടാ സംഘം ഒത്തു കൂടി പദ്ധതി ആസൂത്രണം ചെയ്യുന്നതായി ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജെ. ജയ്ദേവ് ഐപിഎസി ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കായംകുളം ഡി.വൈ.എസ്.പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സി.ഐ. മുഹമ്മദ് ഷാഫി, എസ് ഐ മാരായ ഉദയകുമാർ, ശ്രീകുമാർ, വിനോദ്, പോലീസ് ഉദ്യേഗസ്ഥരായ വിഷ്ണു, ദീപക്, ഷാജഹാൻ, ഫിറോസ്, സബീഷ് , രാജേന്ദ്രൻ, ബിജുരാജ്, പ്രദീപ്, സബീഷ്, റുക്സർ എന്നിവരടങ്ങിയ സംഘമാണ് വിവിധ ഭാഗങ്ങളിൽ നിന്നായി ഗുണ്ടകളെ പിടികൂടിയത്. ഓപ്പറേഷൻ കാവലുമായി ബന്ധപ്പെട്ട് ഗുണ്ടാ-ക്വട്ടേഷൻ ടീമുകൾക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. പ്രതികൾ യാത്ര ചെയ്യാൻ ഉപയോഗിച്ച ആഡംബര കാറുകളും പോലീസ് പിടിച്ചെടുത്തു.
Post Your Comments