മടിക്കൈ: സി.പി.എം കാസര്‍കോട് ജില്ല സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയ മെഗാ തിരുവാതിര ഒഴിവാക്കി. 125 പേരുടെ തിരുവാതിരയാണ് ആസൂത്രണം ചെയ്തിരുന്നത്. തിരുവാതിര മാത്രമല്ല, കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിന്റെ ഭാഗമായി അനുബന്ധ പരിപാടികള്‍ പലതും ഒഴിവാക്കി സി.പി.എം ജില്ല നേതൃത്വം. അതേസമയം സമ്മേളനം വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തില്‍, ടി.പി.ആര് നിരക്ക് കൂടുന്നതിനാല്‍ ഹാളില്‍ 75 പേര്‍ക്ക് മാത്രമല്ലേ സമ്മേളിക്കാന്‍ പാടുള്ളൂവെന്ന നിര്‍ദേശമുണ്ടല്ലോ എന്ന ചോദ്യത്തില്‍നിന്ന് നേതൃത്വം ഒഴിഞ്ഞുമാറി. സര്‍ക്കാറിന്റെയും കലക്ടറുടെയും കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും സമ്മേളനം നടത്തുകയെന്ന് ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണന് മാസ്റ്റര്‍ വിശദീകരിച്ചു.
അതേസമയം, സമ്മേളനം നടക്കുന്ന മടിക്കൈ അമ്ബലത്തുകരയില് 185 പ്രതിനിധികള്‍ക്ക് ഇരിക്കാവുന്ന പ്രത്യേക ഹാളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാമോയെന്ന ചോദ്യത്തിന് വന്നുനോക്ക്, അപ്പോള്‍ കാണാം എന്ന മറുപടിയാണ് ജില്ല സെക്രട്ടറി നല്‍കിയത്. 75 പേര്‍ക്കാണ് സമ്മേളിക്കാന്‍ അനുമതിയുള്ളത് എന്നിരിക്കെ, സാമൂഹിക അകലം പാലിക്കാന്‍ ഹാളിന് എത്ര ചതുരശ്ര അടി വിസ്തീര്‍ണമുണ്ട് എന്ന ചോദ്യത്തിന് അളന്നുനോക്കിയിട്ടില്ല എന്നും 500 പേര്‍ക്ക് ഇരിക്കാവുന്നതാണ് എന്നുമായിരുന്നു മറുപടി.
‘തിരുവാതിര വിവാദങ്ങളുമായി കാസര്‍കോട്ടെ തിരുവാതിര ഒഴിവാക്കിയതിന് ബന്ധമില്ല. കോവിഡാണ് പ്രധാനം. സര്‍ക്കാറിന്റെ മാര്‍ഗനിര്‍ദേശം അനുസരിക്കുന്നു. രക്തസാക്ഷി കുടുംബസംഗമം മാറ്റിവെച്ചിട്ടുണ്ട്. പൊതുസമ്മേളനം പൂര്‍ണമായും മാറ്റി. ജനങ്ങളോട് സമ്മേളന നഗരിയിലേക്ക് വരരുതെന്ന് പറഞ്ഞിട്ടുണ്ട്. കൊടി, കൊടിമര ജാഥകളുടെ സ്വീകരണങ്ങളും പതാകജാഥ സ്വീകരണങ്ങളും മാറ്റി’- സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
Post Your Comments