തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ സാമൂഹിക വ്യാപനമുണ്ടായാതായി സൂചന ലഭിക്കുമ്പോഴും അതിന്റെയൊന്നും യാതൊരു ആശങ്കയുമില്ലാതെ സി പി എം വിവിധ ഇടങ്ങളിൽ തിരുവാതിര കളിക്കുകയാണ്. തിരുവനന്തപുരത്തിന് പിന്നാലെ തൃശൂരും മെഗാ തിരുവാതിര നടത്തിയിരിക്കുകയാണ് സി പി എം. കോവിഡ് കേസുകൾ വർധിക്കുമ്പോഴും നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തി തുടർച്ചയായി തിരുവാതിര കളിക്കുന്ന സി പി എമ്മിനെ വിമർശിച്ചും പരിഹസിച്ചും നിരവധി പേരാണ് രംഗത്ത് വരുന്നത്. തിരുവാതിര ഇനി മുതൽ പാർട്ടിയുടെ ഔദ്യോഗിക കലാരൂപമാക്കുമെന്നാണ് പരിഹാസം. മുഴുവൻ സമ്മേളനങ്ങളിലും തിരുവാതിര ഉറപ്പ് വരുത്താൻ ബ്രാഞ്ച് കമ്മിറ്റികൾക്ക് നിർദേശം നൽകുമെന്നും സോഷ്യൽ മീഡിയ പരിഹസിക്കുന്നു.
തിരുവനന്തപുരത്തെ മെഗാതിരുവാതിര വിവാദമായിരിക്കെയാണ് സിപിഎം തൃശൂരിൽ നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് വീണ്ടും തിരുവാതിര സംഘടിപ്പിച്ചത്. സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായാണ് തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റി തിരുവാതിരക്കളി സംഘടിപ്പിച്ചത്. ഊരോംകാട് അയ്യപ്പ ക്ഷേത്ര പരിസരത്തായിരുന്നു പരിപാടി. പാറശാലയിൽ നടന്ന മെഗാ തിരുവാതിര തെറ്റായ നടപടിയെന്ന് പാർട്ടിതന്നെ സമ്മതിച്ചിരിക്കെയാണ് വീണ്ടും സമാനമായ പരിപാടി അവതരിപ്പിച്ചിരിക്കുന്നത്.
അതേസമയം, കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സ്ക്രീനിംഗ് ടെസ്റ്റിൽ വ്യാപകമായ ഒമിക്രോണ്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് പോസിറ്റീവായ 51 പേരില്‍ നടത്തിയ എസ്ജിടിഎഫ് സ്ക്രീനിംഗ് ടെസ്റ്റില്‍ 38 പേരുടെ (75 %) ഫലം പോസിറ്റീവായി. ഒമിക്രോണ്‍ സ്ഥിരീകരിച്ച 38 പേരില്‍ ആരും വിദേശയാത്ര നടത്തുകയോ, വിദേശത്ത് നിന്നെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ അല്ല. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് ഒമിക്രോണ്‍ സാമൂഹിക വ്യാപന ഉണ്ടായെന്നാണ് കണക്കുകള്‍ ചൂണ്ടി ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
Post Your Comments