KeralaLatest News

‘ജാതി,മത,വിശ്വാസ ഭേദമെന്യേ പിതാവ് മകളോടുള്ള ചുമതല നിർവഹിക്കണം’ : നിർബന്ധമെന്ന് ഹൈക്കോടതി

കൊച്ചി: പിതാവിന്റെ ചുമതല നിർവഹിക്കുന്നതിൽ ജാതിക്കും മതത്തിനും വിശ്വാസത്തിനും പങ്കില്ലെന്ന് ഹൈക്കോടതി. ഇരു മതവിശ്വാസങ്ങളിൽപ്പെട്ട മാതാപിതാക്കൾക്കുണ്ടായ മകൾക്ക് ജീവനാംശം നൽകണമെന്ന് കുടുംബക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഇത് ചോദ്യം ചെയ്ത് പിതാവ് നൽകിയ അപ്പീൽ ഭാഗികമായി അനുവദിച്ചു കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസർ എടപ്പഗത്തും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

വിവാഹം, പഠനം എന്നിവയ്ക്കായി ചെലവായ തുകയടക്കം മകൾക്ക് ജീവനാംശമായി 16.70 ലക്ഷം രൂപ നൽകാൻ നെടുമങ്ങാട് കുടുംബക്കോടതി ഉത്തരവിട്ടതിന് എതിരെയാണ് പിതാവ് അപ്പീൽ നൽകിയത്. പിതാവ് ഹിന്ദുവും മാതാവ് മുസ്‌ലിമുമാണ്. മകൾക്ക് മൂന്നു വയസ്സായപ്പോൾ ഇരുവരും വേർപിരിയുകയും ചെയ്തു. പിന്നീട് മാതാവിന്റെ മാതാപിതാക്കൾ മുസ്‌ലിം മതവിശ്വാസം അനുസരിച്ച് പെൺകുട്ടിയെ വളർത്തുകയായിരുന്നു. മാതാപിതാക്കളെ എതിർകക്ഷിയാക്കിയാണ് ജീവനാംശത്തിനായി കുടുംബക്കോടതിയിൽ മകൾ ഹർജി നൽകിയത്.

ഇരുമതത്തിൽപ്പെട്ട മാതാപിതാക്കൾക്കുണ്ടാകുന്ന കുട്ടികളുടെ ജീവനാംശം തീരുമാനിക്കുന്നതിൽ നിലവിൽ നിയമമില്ല. എന്നാൽ, യു.എൻ. കൺവെൻഷൻ അംഗീകരിച്ച കുട്ടികളുടെ അവകാശപ്രകാരം മാതാപിതാക്കൾക്ക് കുട്ടികളെ സംരക്ഷിക്കാനുള്ള ബാധ്യതയുണ്ടെന്ന് കോടതി വിലയിരുത്തി. ഈ അവകാശത്തെ 1992-ൽ ഇന്ത്യയും അംഗീകരിച്ചതാണെന്ന് കോടതിയും ചൂണ്ടിക്കാട്ടി. വിവാഹച്ചെലവായി 14.66 ലക്ഷം രൂപ നൽകണമെന്നത് ഹൈക്കോടതി മൂന്നു ലക്ഷമായി കുറക്കുകയും ചെയ്തു. ഇതിനുപുറമേ ജീവനാംശമായി 5000 രൂപയും വിദ്യാഭ്യാസ ചെലവായി 96,000 രൂപയും നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button