മധ്യപ്രദേശ്: ഇരുപത്തിയഞ്ചുകാരനെ മാതാപിതാക്കളും സഹോദരിയും ചേർന്ന് തല്ലിക്കൊന്നു. യുവാവ് ജോലിക്ക് പോകാതെ കല്യാണം ഉറപ്പിച്ച ശേഷവും മറ്റൊരു സ്ത്രീയുമായി ചാറ്റിംഗ് നടത്തിയിരുന്നത് വീട്ടുകാരെ പ്രകോപിപ്പിക്കുകയായിരുന്നു. ബുര്‍ഹാന്‍പൂര്‍ ജില്ലയിൽ നടന്ന സംഭവത്തിൽ ഇരുപത്തിയഞ്ചുകാരൻ രാമകൃഷ്ണ സിങാണ് കൊല്ലപ്പെട്ടത്. കയ്യും കാലും കൂട്ടിക്കെട്ടിയ നിലയിൽ യുവാവിന്റെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവിനെ വീട്ടുകാർ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. യുവാവിനെ കാണാതായി മൂന്നാം ദിവസമാണ് പുഴയിൽ മൃതദേഹം പൊങ്ങിയത്. ജോലിക്ക് പോകാതെ എപ്പോഴും മൊബൈൽ ഫോണിൽ സമയം ചെലവിടുന്ന മകനെ മുൻപും വീട്ടുകാർ താക്കീത് ചെയ്തിരുന്നു. വിവാഹം ഉറപ്പിച്ച ശേഷവും മറ്റൊരു സ്ത്രീയുമായി ചാറ്റ് ചെയ്യുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ പ്രശ്നം രൂക്ഷമായി.
തർക്കത്തെ തുടർന്ന് യുവാവിന്റെ തല പിടിച്ച് മാതാപിതാക്കൾ ഭിത്തിയിൽ ഇടിക്കുകയായിരുന്നു. പിന്നാലെ കുഴഞ്ഞുവീണ മകൻ മരിച്ചെന്ന് മനസിലാക്കിയ മാതാപിതാക്കൾ കയ്യും കാലും കെട്ടി സഹോദരിയുടെ സഹായത്തോടെ മൃതദേഹം പുഴയിൽ തള്ളി. സംഭവത്തിൽ യുവാവിന്റെ പിതാവ് ഭീമാന്‍ സിങ്ങും മാതാവ് ജമുനാബായിയും സഹോദരി കൃഷ്ണബായിയും കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
Post Your Comments