
ന്യൂഡൽഹി: രാജ്യത്ത് മൂന്നാം മുന്നണിയ്ക്ക് നേതൃത്വം നൽകാനുള്ള ശ്രമം സിപിഎം നടത്തുന്നില്ലെന്ന് പാര്‍ട്ടി കേന്ദ്രനേതൃത്വം. പ്രധാനമന്ത്രിപദം സംബന്ധിച്ച് എന്തെങ്കിലും ചര്‍ച്ചകള്‍ പാര്‍ട്ടിയ്ക്കുള്ളിൽ നടക്കുന്നില്ലെന്നും പാര്‍ട്ടി നേതാക്കള്‍ പ്രതികരിച്ചതായാണ് റിപ്പോര്‍ട്ട്. മന്ത്രി വി അബ്ദുറഹ്മാൻ നടത്തിയ പ്രസ്താവനയ്ക്കു പിന്നാലെയായിരുന്നു സിപിഎമ്മിൻ്റെ പ്രതികരണം. പ്രധാനമന്ത്രിപദം സംബന്ധിച്ച് ഒരു അവകാശവാദത്തിനും ചര്‍ച്ചയ്ക്കും സിപിഎം ഇല്ലെന്നും ഒരു സംസ്ഥാനത്തു മാത്രം അധികാരത്തിലുള്ള പാര്‍ട്ടിയിൽ ഇത്തരത്തിലുള്ള ഒരു ചര്‍ച്ച വന്നാൽ തന്നെ ജനങ്ങള്‍ പരിഹസിക്കുമെന്നും സിപിഎം കേന്ദ്രനേതാക്കള്‍ പ്രതികരിച്ചതായാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്.
രാജ്യത്ത് സിപിഎമ്മിൻ്റെ നേതൃത്വത്തിൽ ഫെഡറൽ മുന്നണി രൂപീകരിക്കാനുള്ള ശ്രമം നടക്കുന്നില്ലെന്നും നേതാക്കള്‍ വ്യക്തമാക്കിയെന്ന് ചാനൽ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം ചര്‍ച്ചകള്‍ അപക്വമാണ്. നിലവിൽ ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഓരോ സംസ്ഥാനത്തും ബിജെപിയെ പരാജയപ്പെടുത്താൻ ആവശ്യമായ പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും സിപിഎം നേതാക്കള്‍ വ്യക്തമാക്കി. 2024ൽ അന്നത്തെ സാഹചര്യം അനുസരിച്ച് ബദൽ സര്‍ക്കാര്‍ ഉണ്ടാകണമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രിപദം സംബന്ധിച്ച് ഏതെങ്കിലും രേഖകള്‍ പാര്‍ട്ടി കോൺഗ്രസിൽ അവതരിപ്പിക്കില്ലെന്നും ഇതു സംബന്ധിച്ച് ഒരു ചര്‍ച്ചയും നടക്കില്ലെന്നും നേതാക്കള്‍ പറഞ്ഞതായാണ് ചാനലിൻ്റെ റിപ്പോര്‍ട്ട്. മന്ത്രി വി അബ്ദുറഹ്മാൻ്റെ പ്രസ്താവന എന്തെങ്കിലും തെറ്റിദ്ധാരണ കൊണ്ടായിരിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.കഴിഞ്ഞ ദിവസം മന്ത്രി വി അബ്ദുറഹ്മാനാണ് സിപിഎം രാജ്യത്ത് മൂന്നാം മുന്നണിയ്ക്ക് നേതൃത്വം നൽകുമെന്ന് പ്രഖ്യാപിച്ചത്. രാജ്യത്ത് സിപിഎമ്മിൻ്റെ നേതൃത്വത്തിൽ ഫെഡറൽ മുന്നണി വരുമെന്നും ഇക്കാര്യം പാര്‍ട്ടി കോൺഗ്രസിൽ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ തന്നോടു വ്യക്തമാക്കിയിട്ടുണ്ടെന്നുമായിരുന്നു ഒരു പാര്‍ട്ടി വേദിയിൽ മന്ത്രിയുടെ പ്രസ്താവന.
രാജ്യത്ത് മൂന്നാം മുന്നണിയ്ക്ക് നേതൃത്വം നൽകാൻ കെൽപ്പുള്ള നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് മന്ത്രി അരീക്കോട് മുണ്ടമ്പ്രയിൽ വെച്ചു പറഞ്ഞു. പിണറായി വിജയൻ നയിക്കുന്ന മൂന്നാം മുന്നണി രാജ്യത്ത് ഒരുപാട് കാര്യങ്ങള്‍ മുന്നോട്ടു വെക്കുമെന്നും ഇതു സംബന്ധിച്ച രേഖകള്‍ വരുന്ന പാര്‍ട്ടി കോൺഗ്രസിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി തന്നോട് പറഞ്ഞതായും മന്ത്രി അവകാശപ്പെട്ടു. ഈ പ്രസ്താവന ചര്‍ച്ചയായതിനു പിന്നാലെയാണ് സിപിഎം കേന്ദ്രനേതൃത്വത്തിൻ്റെ പ്രതികരണം.
Post Your Comments