ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടി-രാഷ്ട്രീയ ലോക് ദൾ(എസ്പി-ആർഎൽഡി) സഖ്യത്തിന് പിന്തുണ നൽകുമെന്ന തന്റെ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റ് നരേഷ് ടികായത്. എല്ലാ പാർട്ടികളുടേയും സ്ഥാനാർത്ഥികളെ സ്വാഗതം ചെയ്യുമെന്നും ബിജെപി ഒരിക്കലും തങ്ങളുടെ ശത്രുവല്ലെന്നും നരേഷ് ടികായത്ത് പറയുന്നു.
‘ ഏത് പാർട്ടിക്കാർക്കും എന്നെ ഏത് സമയത്തും സന്ദർശിക്കാം. പക്ഷേ ഒരു രാഷ്ട്രീയ പാർട്ടിയേയും പിന്തുണയ്ക്കാനില്ല. ബിജെപി സ്ഥാനാർത്ഥികൾ ഒരിക്കലും ശത്രുക്കളല്ല, ആർക്ക് വേണമെങ്കിലും എന്നെ വന്ന് കാണുകയോ അനുഗ്രഹം വാങ്ങുകയോ ചെയ്യാമെന്നും’ നരേഷ് ടികായത്ത് പറഞ്ഞു. തിരഞ്ഞെടുപ്പിൽ എസ്പി-ആർഎൽഡി സഖ്യത്തിന്റെ സ്ഥാനാർത്ഥികളെ അതാത് മണ്ഡലങ്ങളിൽ പിന്തുണയ്ക്കണമെന്ന് നരേഷ് ടികായത്ത് അണികളോട് അഭ്യർത്ഥിച്ചിരുന്നു.
എന്നാൽ താൻ അങ്ങനെ പറയരുതായിരുന്നുവെന്നും സംയുക്ത കിസാൻ മോർച്ചയ്ക്കാണ് കർഷക സംഘടനകളുടെ പരമാധികാരമെന്നുമാണ് നരേഷ് ടികായത്ത് പറഞ്ഞത്. കർഷക നിയമങ്ങൾക്കെതിരായി കേന്ദ്രസർക്കാരിനെതിരായ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ നേതാക്കളാണ് രാകേഷ് ടികായത്തും നരേഷ് ടികായത്തും. എന്നാൽ കേന്ദ്രത്തിനെതിരേയും ബിജെപിക്കെതിരേയും കർഷക സമരക്കാർ നിലപാട് മാറ്റുകയാണെന്നാണ് സൂചന.
Post Your Comments