അബുദാബി: തിങ്കളാഴ്ച രാവിലെ അബുദാബി വിമാനത്താവളത്തിന്റെ നിർമ്മാണ മേഖലയിൽ ഉണ്ടായ തീപിടിത്തത്തെത്തുടർന്ന് ചില വിമാനങ്ങൾക്ക് ചെറിയ തോതിൽ തടസ്സമുണ്ടായതായി സ്ഥിരീകരിച്ച് അധികൃതർ. അബുദാബി എണ്ണ ടാങ്കർ പൊട്ടിത്തെറിക്ക് പിന്നാലെയാണ് ഇത് സ്ഥിരീകരിച്ചത്. എന്നാൽ വിമാനത്താവള പ്രവർത്തനങ്ങൾ വേഗത്തിൽ തന്നെ പുനരാരംഭിച്ചതായും സാധാരണ നിലയിലെത്തിയതായും എത്തിഹാദ് എയർവേയ്സ് വക്താവ് അറിയിച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ചില മുൻകരുതൽ നടപടികളും പരിശോധനകളും മൂലമായിരുന്നു തടസ്സം എന്നും അദ്ദേഹം പറഞ്ഞു. ‘ഞങ്ങളുടെ അതിഥികളുടെയും ജീവനക്കാരുടെയും സുരക്ഷയും സൗകര്യവുമാണ് ഞങ്ങളുടെ പ്രഥമ പരിഗണന,’ വക്താവ് കൂട്ടിച്ചേർത്തു. ഇന്ന് തന്നെ അബുദാബിയിൽ ഉണ്ടായ മറ്റൊരു സ്ഫോടനത്തിൽ മുസഫയിലെ മൂന്ന് പെട്രോളിയം ടാങ്കറുകളിൽ പൊട്ടിത്തെറി ഉണ്ടായി. സംഭവത്തിൽ രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്ഥാനിയും കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ADNOC സംഭരണ ടാങ്കുകൾക്ക് സമീപമുള്ള ICAD 3-ലുണ്ടായ തീപിടിത്തം അണച്ചതായി പോലീസ് കൂട്ടിച്ചേർത്തു. എന്നാൽ രണ്ട് തീപിടിത്തങ്ങൾക്കും കാരണം ഡ്രോണുകളാകാം എന്നാണ് പ്രാഥമികാന്വേഷണം. തീ പടരുന്നതിന് തൊട്ടുമുമ്പ് പറക്കാനുള്ള വസ്തുക്കൾ രണ്ട് പ്രദേശങ്ങളിലും വീണതായി അബുദാബി പോലീസ് പറഞ്ഞു.
അതേസമയം യെമൻ ഹൂതികൾ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി റോയിട്ടേഴ്സ് റിപ്പോർട് ചെയ്യുന്നു. എന്നാൽ യുഎഇ ഇതിൽ സ്ഥിരീകരണം നൽകിയിട്ടില്ല. അതേസമയം ഇന്ത്യൻ എംബസ്സി അബുദാബി അധികൃതരുമായി വിവരങ്ങൾ പങ്കുവെക്കുന്നുണ്ട്. മരിച്ച ഇന്ത്യക്കാരെ കുറിച്ച് ഇതുവരെ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
Post Your Comments