മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ വിരാട് കോഹ്ലിക്ക് ഉപദേശവുമായി ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ്. താരത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും ഈഗോ മാറ്റിവെച്ച് യുവതാരങ്ങള്‍ക്ക് കീഴില്‍ കളിക്കാന്‍ കോഹ്ലി എല്ലാ രീതിയിലും തയാറാകേണ്ടതുണ്ടെന്നും കപില്‍ ദേവ് പറഞ്ഞു.
‘ടെസ്റ്റ് നായകസ്ഥാനം ഒഴിയാനുള്ള കോഹ്ലിയുടെ തീരുമാനത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ടി20 നായകസ്ഥാനം ഒഴിഞ്ഞത് മുതല്‍ പ്രയാസമുള്ള സാഹചര്യത്തിലൂടെയാണ് അവന് കടന്ന് പോകുന്നത്. സമീപകാലത്തായി വളരെ സമ്മര്‍ദ്ദത്തോടെയാണ് അവനെ കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ നായകസ്ഥാനം ഒഴിയുന്നത് സ്വാതന്ത്ര്യത്തോടെ കളിക്കാനുള്ള വഴി തുറക്കുന്നു. അതാണ് അവന് തിരഞ്ഞെടുത്തത്’.
‘വളരെ പക്വതയുള്ള ആളാണ് കോഹ്ലി. ഇത്തരമൊരു തീരുമാനം എടുക്കുന്നതിന് മുമ്പ് അവന് വളരെ ആലോചിച്ചിരിക്കും. ഇപ്പോള്‍ അവന് നായകസ്ഥാനം ആസ്വദിക്കാന്‍ കഴിയുന്നില്ലായിരിക്കും. നമ്മള് അവന്റെ തീരുമാനത്തെ ബഹുമാനിക്കുകയും ആശംസകള്‍ നേരുകയുമാണ് ചെയ്യേണ്ടത്’.
Read Also:- പുത്തൻ സ്കോര്‍പ്പിയോയുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി മഹീന്ദ്ര
‘സാക്ഷാല്‍ സുനില്‍ ഗാവസ്കര്‍ എനിക്കു കീഴില്‍ കളിച്ചിട്ടുണ്ട്. ഞാന്‍ കെ. ശ്രീകാന്തിനും മുഹമ്മദ് അസ്ഹറുദ്ദീനും കീഴില്‍ കളിച്ചു. എനിക്ക് യാതൊരുവിധ ഈഗോയും തോന്നിയിട്ടില്ല. ഇനി വിരാടും തന്റെ ഈഗോ മാറ്റിവച്ച് ഒരു യുവതാരത്തിനു കീഴില്‍ കളിക്കാന്‍ തയാറാകേണ്ടിവരും. അത് അദ്ദേഹത്തെയും ഇന്ത്യന്‍ ക്രിക്കറ്റിനെയും സഹായിക്കുകയേ ഉള്ളൂ. പുതിയ ക്യാപ്റ്റനും താരങ്ങള്‍ക്കും മാര്‍ഗനിര്‍ദ്ദേശം നല്കി നയിക്കാന്‍ വിരാട് ഉണ്ടാകണം. വിരാട് കോഹ്ലിയെന്ന ബാറ്റ്സ്മാനെ നഷ്ടമാക്കാന്‍ നമുക്കു കഴിയില്ല. അത് ചിന്തിക്കുകയും വേണ്ട’ കപില്‍ ദേവ് പറഞ്ഞു.
Post Your Comments