കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധിയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. ഇതേത്തുടര്‍ന്ന് പൊലീസ് നിയമോപദേശം തേടും. പരാതിക്കാരിക്ക് അനുകൂലമായ തെളിവുകള്‍ കോടതി വേണ്ടവിധത്തില്‍ പരിശോധിച്ചില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. നിസാര പൊരുത്തക്കേടുകളുടെ പേരിലാണ് പരാതിക്കാരിയുടെ മൊഴിക്കു വിശ്വാസ്യതയില്ലെന്നു കോടതി വിലയിരുത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു.
വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതില്‍ ഉടന്‍ തന്നെ പ്രോസിക്യൂഷന്‍ തീരുമാനമെടുക്കും. കുറവിലങ്ങാട്ടെ മഠത്തില്‍ എത്തി പൊലീസ് ഉദ്യോഗസ്ഥര്‍ പരാതിക്കാരിയുമായി സംസാരിച്ചിട്ടുണ്ട്. നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷം തുടര്‍നടപടിയെടുക്കാനാണ് ധാരണയായിട്ടുള്ളത്.
അതേസമയം, കന്യാസ്ത്രീ നല്‍കിയ വിവിധ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ബലപ്രയോഗം നടത്തിയെന്ന് ആദ്യ മൊഴിയില്‍ ഇല്ല. പിന്നീട് പരിശോധിച്ച ഡോക്ടറോടും ഇക്കാര്യം പറഞ്ഞിട്ടില്ല. ഉദ്യോഗസ്ഥരെ വിശ്വാസമില്ലാത്തതിനാലെന്ന വിശദീകരണം മുഖവിലയ്ക്ക് എടുക്കാനാകില്ലെന്നും കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
21 പോയിന്റുകള്‍ അക്കമിട്ടു നിരത്തിയാണ് കന്യാസ്ത്രീയുടെ മൊഴിയിലെ പൊരുത്തക്കേടുകള്‍ വിധിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇരയുടെ മൊഴി മാത്രം കണക്കിലെടുക്കാന്‍ കഴിയില്ലെന്നും വിധിന്യായത്തില്‍ പറയുന്നു. ഇരയുടെ മൊഴിക്കു പുറമേ കേസ് തെളിയിക്കുന്നതിനു ശക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല. പ്രതിഭാഗം സമര്‍പ്പിച്ച രേഖകള്‍ കേസ് സംബന്ധിച്ചു സംശയം ജനിപ്പിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.
Post Your Comments