കോട്ടയം : ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധി വിശ്വസിക്കാനാവുന്നില്ലെന്ന് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തക സിസ്റ്റര്‍ അനുപമ. കോടതിയില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു. നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരും. പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തും നേടാം. അതുതന്നെയാണ് ഇവിടെയും സംഭവിച്ചതെന്ന് വിശ്വസിക്കുന്നു. മഠത്തില്‍ തന്നെ തുടരുമെന്നും അന്നും ഇന്നും സുരക്ഷിതയല്ലെന്നും അനുപമ പറഞ്ഞു. അനുപമ ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകളാണ് പരാതിക്കാരിക്കായി നിലകൊണ്ടത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടത്തിയതിനും അനുപമയടക്കമുള്ള കന്യാസ്ത്രീകളാണ് നേതൃത്വം നല്‍കിയത്.
പീഡനക്കേസില്‍ ജലന്തര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി.ഗോപകുമാറാണ് വിധി പറഞ്ഞത്. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നല്‍കിയ പരാതിയിലാണു കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.
Post Your Comments