തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുകഞ്ഞു കൊണ്ടിരിക്കുന്ന ഗവര്‍ണര്‍-വിസി വിവാദങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചാന്‍സലര്‍ സ്ഥാനത്തെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ക്കിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിളിച്ച മുഖ്യമന്ത്രി, ചാന്‍സലറായി തുടരണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. സര്‍വകലാശാല, ഡി-ലിറ്റ് വിവാദത്തിന് ശേഷം ആദ്യമായാണ് ഗവര്‍ണറെ മുഖ്യമന്ത്രി വിളിക്കുന്നത്. ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്ന കാര്യം പറയാന്‍ ഫോണില്‍ വിളിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. വിദേശത്തേക്ക് പോകുന്നതിന്റെ വിശദാംശങ്ങളും മുഖ്യമന്ത്രി ഗവര്‍ണറോട് വ്യക്തമാക്കി.
അതേസമയം ഗവര്‍ണറെ നേരിട്ട് കാണാന്‍ എത്താതിരുന്നത് പാര്‍ട്ടി സമ്മേളന തിരക്കില്‍ ആയിരുന്നതിനാലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് ഉച്ചയോടെയാണ് മുഖ്യമന്ത്രിയുടെ ഫോണ്‍കോള്‍ രാജ്ഭവനിലേക്ക് എത്തിയത്. നേരത്തെ ചാന്‍സലര്‍ പദവിയൊഴിയുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ഗവര്‍ണറുടെ കത്തിന് മുഖ്യമന്ത്രി മൂന്ന് മറുപടി കത്തുകള്‍ അയച്ചിരുന്നു. ഗവര്‍ണറും സര്‍ക്കാരും ഏറ്റുമുട്ടലിന്റെ പാതയില്‍ പേകേണ്ട കാര്യമില്ലെന്നും സര്‍വകലാശാലകളുടെ ചാന്‍സലറായി ഗവര്‍ണര്‍ തുടരുന്നതാണ് സര്‍ക്കാരിന് താല്‍പര്യമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments