അയോദ്ധ്യ: രാമക്ഷേത്രത്തിന്റെ ത്രീഡി വീഡിയോ പങ്കുവെച്ച് ക്ഷേത്രട്രസ്റ്റ്. അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന്റെ ത്രീഡി വീഡിയോയാണ് ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. 5 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, ക്ഷേത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ഓരോ ഘട്ടങ്ങളും വിവരിച്ചിട്ടുണ്ട്.
ക്ഷേത്രത്തിന്റെ ആർകിടെക്ട് സിബി സോംപുര, ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന കമ്പനിയായ ലാർസൻ ആൻഡ് ടൂബ്രോ, പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റായ ടാറ്റ കൺസൾട്ടിംഗ് എഞ്ചിനീയർമാർ തുടങ്ങിയവരിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീഡിയോ നിർമ്മിച്ചിരിക്കുന്നതെന്ന് ക്ഷേത്രട്രസ്റ്റ് അറിയിച്ചു.
പൊതുജനങ്ങൾക്ക് ലളിതമായി മനസിലാകുന്നതിന് വേണ്ടിയാണ് ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളടങ്ങിയ ഈ വീഡിയോ പുറത്ത് വിട്ടിരിക്കുന്നതെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. ക്ഷേത്രം നിർമ്മാണം പൂർത്തിയാകുന്ന സമയത്ത് ക്ഷേത്രം ഏത് രീതിയിൽ ഉണ്ടാകുമെന്നത് വരെയുള്ള കാര്യങ്ങൾ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
Post Your Comments