കൊല്ലം: ട്രെയിനിലെ സീറ്റുകൾക്ക് അടിയിൽ ഒളിപ്പിച്ചു വെച്ച നിലയിൽ 20.12 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. വ്യാഴാഴ്ച ഉച്ചക്ക് 1.35 ന് ചെന്നൈ എഗ്മൂറിൽ നിന്ന് കൊല്ലത്ത് എത്തിയ അനന്തപുരി എക്സ്പ്രസിൽ നിന്നാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്.
എസ്-മൂന്ന് കോച്ചിന്റെ സീറ്റുകൾക്ക് അടിയിൽ ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്ന കഞ്ചാവ് ആർ.പി.എഫ് ആണ് കസ്റ്റഡിയിലെടുത്തത്. വിപണിയിൽ 10 ലക്ഷം രൂപ വില വരുമെന്നാണ് കണക്കുകൂട്ടൽ.
Read Also : കേസിൽ ഒരു സാക്ഷി പോലും കൂറുമാറിയില്ല, എന്നിട്ടും ഫ്രാങ്കോ കുറ്റവിമുക്തനായതെങ്ങനെ?
കഞ്ചാവ് മൂന്ന് ഷോൾഡർ ബാഗുകളിലായിട്ടാണ് കണ്ടെത്തിയത്. രണ്ട് കിലോ, ഒരു കിലോ, അര കിലോ, 250 ഗ്രാം എന്നീ അളവുകളിലാക്കി പേപ്പർ പൊതിഞ്ഞ് സെല്ലോ ടേപ്പ് ചുറ്റി കൺസീൽഡ് ചെയ്ത 11 പാക്കറ്റുകളാക്കിയാണ് കണ്ടെത്തിയത്. ഒരു ബാഗിന്റെ പൗച്ചിൽ നിന്ന് രണ്ട് സിം കാർഡുകളും ലഭിച്ചു.
വർക്കല റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ എത്തിയപ്പോഴാണ് ബാഗുകൾ ടിക്കറ്റ് പരിശോധകന്റെ ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ സമീപത്ത് ഇരുന്ന ഏതാനും യുവാക്കൾ ട്രെയിനിൽ നിന്ന് ഇറങ്ങിയോടി. ഇവരുടെ വിഡിയോ ദൃശ്യങ്ങൾ ആർ.പി.എഫിന് ലഭിച്ചിട്ടുണ്ട്.
ട്രെയിൻ കൊല്ലത്ത് എത്തിയപ്പോൾ ആർ.പി.എഫ് ഇൻസ്പെക്ടർ രജനി നായരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. നടപടികൾ പൂർത്തിയാക്കി കഞ്ചാവ് കൊല്ലത്തെ എക്സൈസ് ഉദ്യോഗസ്ഥർക്ക് കൈമാറി. കൊല്ലം എക്സൈസ് റേഞ്ച് ഓഫിസിൽ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമീഷണർ വി. റോബർട്ട് പറഞ്ഞു.
Post Your Comments