മലയാള സിനിമയിൽ സെക്സ് റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും ജീവനിൽ ഭയം ഉള്ളതുകൊണ്ട് ഒന്നും തുറന്നു പറയാനില്ലെന്നും വെളിപ്പെടുത്തിയ നടി പാർവതി തിരുവോത്തിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് എം.എൽ.എ കെ.കെ രമ. പാർവതിയുടെ വെളിപ്പെടുത്തൽ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താനും, നിർഭയമായി സത്യങ്ങൾ വെളിപ്പെടുത്തുന്നവരുടെ സംരക്ഷണമുറപ്പുവരുത്താനും ആഭ്യന്തര വകുപ്പ് തയ്യാറാവണമെന്നും ജസ്റ്റിസ് ഹേമ കമ്മീഷൻ പുറത്തുവിടണമെന്നും കെ കെ രമ ആവശ്യപ്പെട്ടു.
നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായി ദീർഘനാൾ ജയിലിൽ കഴിഞ്ഞ ചലച്ചിത്ര താരം ദിലീപിന്റെ പങ്ക് കൂടുതൽ വെളിവാകുന്ന വിധത്തിലാണ് ഇപ്പോൾ പല രേഖകളും വെളിപ്പെടുത്തലുകളും പുറത്ത് വന്നിരിക്കുന്നതെന്നും ആയതിനാൽ, നിലവിലെ സാഹചര്യത്തിൽ ആരോപണ വിധേയന്റെ സിനിമകളും അഭിമുഖങ്ങളും വീട്ടുവിശേഷങ്ങളും കൊണ്ട് അയാളുടെ പൊതു സ്വീകാര്യത വർദ്ധിപ്പിക്കാൻ മിനക്കെടുന്ന മാദ്ധ്യമങ്ങളും അത് അവസാനിപ്പിക്കണമെന്നും കെ കെ രമ വ്യക്തമാക്കുന്നു.
ഹേമ കമ്മീഷൻ സമര്‍പ്പിച്ച റിപ്പോര്‍ട്ട് രണ്ട് വര്‍ഷമായിട്ടും പുറത്തുവിടാത്ത സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് വിമർശിച്ച കെ കെ രമ, സർക്കാർ ആരെയാണ് സംരക്ഷിക്കുന്നതെന്നും ചോദിച്ചു. നികുതിപ്പണം ചെലവഴിച്ച് പ്രവർത്തിച്ച കമ്മീഷന്റെ കണ്ടെത്തലുകൾ അറിയാൻ പൊതു സമൂഹത്തിന് അവകാശമില്ലേ? ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പരിഗണിക്കുന്നത് പരമാവധി മന്ദഗതിയിലാക്കണമെന്ന അജണ്ട നടപ്പിലാക്കാനാണ് ഇങ്ങനെയൊരു നീക്കമെന്ന് പറയാതെവയ്യെന്ന് എം.എൽ.എ ആരോപിച്ചു.
Post Your Comments