KeralaLatest NewsIndiaNews

ഇംഗിതത്തിനു വഴങ്ങാത്ത കേരളത്തിലെ പൊതുമേഖലയെ തകർക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം: തോമസ് ഐസക്

തിരുവനന്തപുരം: ഇംഗിതത്തിനു വഴങ്ങാത്ത കേരളത്തിലെ പൊതുമേഖലയെ തകർക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. കർഷകസമരത്തിന്റെ ഫലമായി വൈദ്യുതി നിയമ ഭേദഗതി തൽക്കാലത്തേക്കെങ്കിലും മാറ്റിവയ്ക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതരായെന്നും, ഈ ഭേദഗതിയുടെ ലക്ഷ്യം ഉൽപ്പാദന മേഖലയിലെന്നപോലെ വിതരണ മേഖലയിലേക്കും സ്വകാര്യ കമ്പനികൾക്കു കടന്നുവരാൻ അനുവാദം നൽകുകയാണെന്നും തോമസ് ഐസക് പറഞ്ഞു.

Also Read:കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട: 68 ലക്ഷം രൂപയുടെ സ്വർണവുമായി കുമ്പള സ്വദേശി പിടിയിൽ

‘കേന്ദ്രഭരണ പ്രദേശങ്ങളായ ചണ്ഡിഗഡ്, ദാദ്ര ഹവേലി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ പൊതുമേഖലാ ഇലക്ട്രിസിറ്റി വിതരണ കമ്പനികളെത്തന്നെ സ്വകാര്യവൽക്കരിക്കാൻ ടെണ്ടർ വിളിച്ചിരിക്കുകയാണ്. പൊതുമേഖലയെ നേരിട്ടങ്ങ് സ്വകാര്യവൽക്കരിച്ചാൽ പിന്നെ ഡിലൈസൻസിംഗിന്റെയൊന്നും പ്രശ്നമില്ലല്ലോ’, തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം:

കർഷകസമരത്തിന്റെ ഫലമായി വൈദ്യുതി നിയമ ഭേദഗതി തൽക്കാലത്തേക്കെങ്കിലും മാറ്റിവയ്ക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതരായി. ഈ ഭേദഗതിയുടെ ലക്ഷ്യം ഉൽപ്പാദന മേഖലയിലെന്നപോലെ വിതരണ മേഖലയിലേക്കും സ്വകാര്യ കമ്പനികൾക്കു കടന്നുവരാൻ അനുവാദം നൽകുകയാണ്. അതു തടസ്സപ്പെട്ടതിനു കേന്ദ്രസർക്കാരിന്റെ പ്രതികാരം നോക്കിക്കേ. കേന്ദ്രഭരണ പ്രദേശങ്ങളായ ചണ്ഡിഗഡ്, ദാദ്ര ഹവേലി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ പൊതുമേഖലാ ഇലക്ട്രിസിറ്റി വിതരണ കമ്പനികളെത്തന്നെ സ്വകാര്യവൽക്കരിക്കാൻ ടെണ്ടർ വിളിച്ചിരിക്കുകയാണ്. പൊതുമേഖലയെ നേരിട്ടങ്ങ് സ്വകാര്യവൽക്കരിച്ചാൽ പിന്നെ ഡിലൈസൻസിംഗിന്റെയൊന്നും പ്രശ്നമില്ലല്ലോ.

ഇപ്പോൾ മാറ്റിവച്ചിരിക്കുന്ന വൈദ്യുതി നിയമത്തിന്റെ ആദ്യരൂപത്തില്‍ വൈദ്യുതി വിതരണ മേഖലയെ രണ്ടാക്കി മുറിക്കാനായിരുന്നു നിര്‍ദ്ദേശം. ഇലക്ട്രിസിറ്റി ലൈനുകളുടെയെല്ലാം പരിപാലന ചുമതലയുള്ള വിതരണ കമ്പനിയും, വൈദ്യുതി ഉപഭോക്താവിനു വിൽക്കുന്ന സപ്ലൈ കമ്പനിയും. സപ്ലൈ കമ്പനികൾക്ക് പുതിയ വൈദ്യുതി ലൈനൊന്നും നിർമ്മിക്കേണ്ടതില്ല. നിലവിലുള്ള വിതരണ കമ്പനികളുടെ ലൈനുകൾ തന്നെ ഉപയോഗിക്കാം. റെഗുലേറ്ററി കമ്മീഷൻ നിശ്ചയിക്കുന്ന ഫീസ് നൽകിയാൽ മതിയാകും.

ഈ നിർദ്ദേശത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നു വന്നപ്പോഴാണ് അതുമാറ്റി വിതരണ മേഖല ഡീലൈസൻസ് ചെയ്യുക എന്ന പുതിയ നിർദ്ദേശം വന്നത്. ഇതു പ്രകാരം പുതുതായി വിതരണ മേഖലയിലേക്ക് കടന്നുവരുന്ന കമ്പനികൾ ലൈനുകളൊന്നും നിർമ്മിക്കാതെ നിലവിലുള്ള ലൈനുകളിലൂടെ തന്നെ തങ്ങളുടെ കച്ചവടവും നടത്താമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. മാത്രമല്ല നിയമ ഭേദഗതിപ്രകാരം നിലവിലുള്ള വിതരണ കമ്പനികൾ പുതിയതായി കടന്നുവരുന്ന കമ്പനികൾക്ക് വൈദ്യുതി നൽകാനും ബാധ്യസ്ഥരാണ്. അങ്ങനെ സ്വകാര്യ കമ്പനികൾ ഉൽപ്പാദനത്തിലും വൈദ്യുതി ലൈനുകളിലും മുതൽമുടക്കാതെ പ്രവർത്തിക്കാനുള്ള സാഹചര്യമൊരുങ്ങുകയാണ്. ഇതും ഫലത്തിൽ വിതരണവും സപ്ലൈയുമായി വിതരണ മേഖലയെ മുറിക്കുന്നതിന് തുല്യമാണ്. ഇങ്ങിനെ യാതൊരു ലൈസൻസും ഇല്ലാതെ കടന്നു വരുന്ന സ്വകാര്യ കമ്പനിക്ക് യാതൊരു റിസ്കുമില്ലാതെ ലാഭം കൊയ്യാൻ അവസരം നൽകുകയാണ് നിയമഭേദഗതി ചെയ്യുന്നത്.

പുതിയ വിതരണ കമ്പനിക്ക് ഇഷ്ടമുള്ള ഉപഭോക്താക്കൾക്കു വൈദ്യുതി നൽകാം, നൽകാതിരിക്കാം. സ്വാഭാവികമായി ഈ സ്വകാര്യ സ്ഥാപനങ്ങൾ തെരഞ്ഞെടുക്കുക ഇപ്പോൾ ഉയർന്ന നിരക്കുള്ള ഹൈടെൻഷൻ – വാണിജ്യ ഉപഭോക്താക്കളെയായിരിക്കും. പുതിയ നിയമം ഉപഭോക്താവിനു സ്വാതന്ത്ര്യം നൽകുകയാണ്. അവർക്ക് ഇഷ്ടമുള്ള സപ്ലൈയേഴ്സിൽ നിന്നും വൈദ്യുതി വാങ്ങാമെന്നാണ് പ്രൊപ്പഗണ്ട. പക്ഷേ വൻകിട ഉപഭോക്താക്കൾക്ക് വൈദ്യുതി നൽകാൻ തയ്യാറാകുന്ന സ്വകാര്യകമ്പനികൾ കുറഞ്ഞ നിരക്കു നൽകുന്ന സാധാരണ ഉപഭോക്താക്കൾക്കും കൃഷി പോലുള്ള ആവശ്യങ്ങൾക്കും വൈദ്യുതി നൽകാൻ തയ്യാറാകില്ല. അങ്ങനെ വരുമ്പോൾ സാധാരണ ഉപഭോക്താക്കൾക്കും നാട്ടിൻപുറങ്ങളിലും വൈദ്യുതി എത്തിക്കുന്നത് പൊതുമേഖലാ സ്ഥാപനത്തിന്റെ മാത്രം ബാധ്യതയായിത്തീരും. ഇപ്പോൾ ഈ മേഖലകളിലെ താഴ്ന്ന നിരക്ക് കൊണ്ടുണ്ടാകുന്ന നഷ്ടം ഹൈടെൻഷൻ വാണിജ്യ മേഖലകളിലെ ഉയർന്ന നിരക്കുകളിലുള്ള ലാഭംകൊണ്ട് നികത്തുകയാണ്. ഈ ക്രോസ് സബ്സിഡി ഇല്ലാതാകുന്നതോടെകൂടി പൊതുമേഖലാ സ്ഥാപനങ്ങൾ സാധാരണ ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് വലിയ തോതിൽ ഉയർത്തുന്നതിനോ അല്ലെങ്കിൽ നഷ്ടം കുമിഞ്ഞുകൂടി തകരുകയോ ചെയ്യും. വെടക്കാക്കി തനിക്കാക്കാമെന്നൊരു ചൊല്ലുണ്ടല്ലോ. അതുതന്നെയാണ് വിദ്യ.

കേരളത്തിൽ ഇത് ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാതം നോക്കൂ. കെഎസ്ഇബി കമ്പനി ഇന്നത്തെപോലെ തുടരാൻ ചിലപ്പോൾ സാധിച്ചേക്കാം. പക്ഷെ ഇന്ത്യയിൽ എവിടെ നിന്നുമുള്ള വിതരണ കമ്പനിക്കും കേരളത്തിലെ വൻകിട കമ്പനികൾ, മാളുകൾ തുടങ്ങിയവരുമായി കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാവുന്ന കരാറുണ്ടാക്കാം. നമ്മൾ ജലവൈദ്യുത പദ്ധതിയിലൂടെയെല്ലാം ഉൽപ്പാദിപ്പിക്കുന്ന ചെലവു കുറഞ്ഞ വൈദ്യുതി ഈ കമ്പനികളുമായി പങ്കുവയ്ക്കാൻ നമ്മൾ ബാധ്യസ്ഥരായിരിക്കും. കെഎസ്ഇബിക്ക് അവശേഷിക്കുക കൃഷിക്കാരുടെയും വീടുകളുടെയും കണക്ഷനുകൾ മാത്രമായിരിക്കും.

കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതിവിതരണ സ്വകാര്യവൽക്കരണം ഒരു സന്ദേശമാണ്. നിയമ ഭേദഗതിയില്ലെങ്കിലും ഡൽഹിയിലും ഒറീസ്സയിലുമെന്നപോലെ ഏതു സംസ്ഥാനത്തിനും വൈദ്യുതി കമ്പനികളെ സ്വകാര്യവൽക്കരിക്കുന്നതിനു തടസ്സങ്ങളൊന്നുമില്ല. പിന്നെ എന്തിനാണു നിയമഭേദഗതി? കേന്ദ്ര ഇംഗിതത്തിനു വഴങ്ങാത്ത കേരളംപോലുള്ള സംസ്ഥാനങ്ങളിലെ പൊതുമേഖലയെ തകർക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button