ഡൽഹി: ഇന്ത്യ-ചൈന അതിർത്തി രാജ്യമായ ഭൂട്ടാനിൽ ചൈനീസ് കൈയേറ്റം നടന്നതായി സ്ഥിരീകരണം. ഭൂട്ടാനിൽ ചൈന കടന്നുകയറി നിർമിച്ച 166 കെട്ടിടങ്ങളുടെ വ്യക്തതയാർന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. സായുധമായി ചൈനയെ നേരിടാൻ കഴിയാത്ത ഭൂട്ടാൻ, നിലവിൽ രാജ്യസുരക്ഷക്ക് പൂർണമായും ആശ്രയിക്കുന്നത് ഇന്ത്യയെയാണ്. സൈനിക വിന്യാസമാണോ കടന്നുകയറ്റമാണോ ചൈന ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വ്യക്തമായിട്ടില്ല.
ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി സംഘർഷത്തിനു കാരണമായ ദോക് ലാമിൽ നിന്ന് 30 കി.മീറ്റർ ദൂരത്തിനകത്താണ് ഭൂട്ടാനിൽ ചൈനയുടെ പുതിയ നിർമാണം. ദോക് ലാമിൽ ചൈനയുടെ റോഡ് നിർമാണം ഇന്ത്യൻ സൈന്യം തടഞ്ഞിരുന്നു. ഇതേതുടർന്ന് ഇവിടെ നിന്ന് ഒമ്പതു കിലോമീറ്റർ മാറി ചൈന മറ്റൊരു റോഡ് നിർമിക്കാൻ തുടങ്ങിയതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു.
ഭൂട്ടാനിൽ നിർമാണത്തിലിരിക്കുന്നതും നിർമാണം കഴിഞ്ഞതുമായ വിവിധ തരത്തിലുള്ള നിരവധി കെട്ടിടങ്ങളുടെയും പുതിയ പാതകളുടേയും ഉപഗ്രഹ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. മണ്ണ് മാന്തി യന്ത്രമടക്കം നിർമാണ സാമഗ്രികളും ചിത്രങ്ങളിൽ വ്യക്തമാണ്. ദേശീയ ടെലിവിഷൻ ചാനലായ എൻഡിടിവിയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്.
Post Your Comments