ന്യൂഡൽഹി : യുപിഎ ഭരണകാലത്ത് ആയുധ ഇടനിലക്കാരൻ സഞ്ജയ് ഭണ്ഡാരിക്ക് ലഭിച്ചത് ശതകോടികൾ. രാജ്യത്തെ പ്രതിരോധ രംഗത്ത് ആയുധങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് മദ്ധ്യസ്ഥ വഹിച്ചതിന് ഇയാൾക്ക് പ്രത്യുപകാരമായി കോടികൾ ലഭിച്ചുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. 2010 നും 2012 നും ഇടയിൽ 3.47 കോടി രൂപയാണ് തെയ്ൽസ് കമ്പനി ഇയാളുടെ അക്കൗണ്ടിലേക്ക് അയച്ചത്. മറ്റൊരു പ്രതിരോധ കരാറുമായി ബന്ധപ്പെട്ടായിരുന്നു ഇത്.
കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകനും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്രയുടെ ഭർത്താവ് റോബർട്ട് വാദ്രയുടെ അടുത്ത അനുയായിയും കൂടിയായ ഭണ്ഡാരി ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾ നടത്തിയെന്നുള്ളതിന്റെ കൂടുതൽ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ കോൺഗ്രസ് പ്രതിരോധത്തിലായിരിക്കുകയാണ്.
യുപിഎ സർക്കാരുമായി ഫ്രഞ്ച് കമ്പനിയായ തെയ്ൽസിന് ചർച്ച നടത്താൻ അവസരമൊരുക്കിക്കൊടുക്കാൻ ഇയാൾക്ക് 167 കോടി രൂപയാണ് കമ്പനി വാഗ്ദാനം ചെയ്തത്. സഞ്ജയ് ഭണ്ഡാരി, ഫ്രഞ്ച് കമ്പനിക്കെതിരെ കേസ് കൊടുത്തത്തോടെയാണ് ഇത് സംബന്ധിച്ച കൂടുതൽ തെളിവുകൾ ലഭിക്കുന്നത്. 2011 ൽ മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഇന്ത്യയുടെ വ്യോമസേനയുടെ ശക്തി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മിറാഷ് 2000 മിലിട്ടറി ജെറ്റുകൾ നവീരിക്കാൻ ഫ്രഞ്ച് കമ്പനിയുമായി കരാർ ഒപ്പിട്ടത്.
കമ്പനിയുമായി അന്നത്തെ സർക്കാർ 20,119 കോടിയുടെ കരാറിലാണ് ഏർപ്പെട്ടത്. എന്നാൽ ഇതിന് പ്രത്യുപകാരമായി 167 കോടി രൂപയാണ് ഫ്രഞ്ച് കമ്പനി തനിക്ക് വാഗ്ദാനം ചെയ്തത് എന്ന് ഭണ്ഡാരി പറഞ്ഞു. അതിൽ 75 കോടി രൂപ മാത്രമാണ് ഇതുവരെ നൽകിയത് എന്നും ഇനിയും 92 കോടി തരാനുണ്ടെന്നുമാണ് ഇയാൾ പറയുന്നത്. യുപിഎ കാലത്ത് ഉണ്ടായ മറ്റ് പ്രതിരോധ കരാറുകളിലെല്ലാം ഇയാൾക്ക് മികച്ച പ്രതിഫലം ലഭിച്ചിരുന്നുവെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments