കല്‍പ്പറ്റ : വയനാട് റിസോര്‍ട്ടില്‍ നടന്ന ലഹരിപാര്‍ട്ടിയില്‍ ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജിനെ പിടികൂടിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. റിസോര്‍ട്ടില്‍ നടന്നത് ഗുണ്ടാതലവന്മാരുടെ പാര്‍ട്ടിയായിരുന്നെന്നാണ് വിവരം. തമ്മനം ഷാജി, ഓം പ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നിവരെ പാര്‍ട്ടിക്ക് ക്ഷണിച്ചിരുന്നതായി വിവരം. സ്വര്‍ണക്കടത്ത് കേസ് പ്രതി പെരുമ്പാവൂര്‍ അനസും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതായി തെളിവുകള്‍ ലഭിച്ചു.
വയനാട് പടിഞ്ഞാറത്തറയിലെ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ ടിപി കേസ് പ്രതി കിര്‍മാണി മനോജ് ഉള്‍പ്പെടെ 16 പേര്‍ പിടിയിലായിരുന്നു. എംഡിഎംഎ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളും ഇവരില്‍ നിന്നും പിടിച്ചെടുത്തിരുന്നു. പാര്‍ട്ടി നടക്കുന്നത് സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ട് ദിവസമായി ഷാഡോ പോലീസും റിസോര്‍ട്ടിലുണ്ടായിരുന്നു. മഫ്ടിയിലായിരുന്നു ഇവരുടെ താമസം. ഗുണ്ടാനേതാവ് കമ്പളക്കാട് മുഹ്‌സിന്റെ വിവാഹ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി സംഘടിപ്പിച്ചത് എന്നാണ് വിവരം.
ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് വയനാട് എസ്പിയുടെ നേതൃത്വത്തില്‍ ഇവരെ പിടികൂടിയത്. ടി പി വധക്കേസ് രണ്ടാം പ്രതിയും മാഹി സ്വദേശിയുമായ കിര്‍മാണി മനോജ് എന്ന വി.പി മനോജ് കുമാര്‍ (48), കമ്പളക്കാട് ചെറുവനശ്ശേരി സി എ മുഹസിന്‍ (27), മീനങ്ങാടി പടിക്കല്‍ പി ആര്‍ അഷ്‌കര്‍ അലി (26), പെരിന്തല്‍മണ്ണ പട്ടിക്കാട് ഒട്ടുപറമ്പില്‍ ഒ.പി അജ്മല്‍ (28), പാനൂര്‍ ആക്കോല്‍ മീത്തല്‍ എ എം സുധേഷ് (43), കമ്പളക്കാട് കളം പറമ്പില്‍ കെ എം ഫഹദ് (26) എന്നിവരടക്കം 16 പേരാണ് അറസ്റ്റിലായത്. 15 പേര്‍ക്കെതിരെ മയക്കുമരുന്ന് കേസും, ഒരാള്‍ക്കെതിരെ അബ്കാരി കേസുമാണ് എടുത്തിരിക്കുന്നത്.
Post Your Comments