നേമം: പള്ളിച്ചൽ പാമാംകോട് ഭാഗത്തെ ഇലക്ട്രിക് പോസ്റ്റുകളിൽ സ്ഥാപിച്ചിരുന്ന ട്യൂബ് ലൈറ്റുകൾ അടിച്ചു തകർത്ത കേസിൽ ഒരു പ്രതി കൂടി പിടിയിൽ. പൊന്നുമംഗലം യു.പി സ്കൂളിന് സമീപം വിച്ചാവി എന്ന വിശാഖിനെയാണ് (26) നേമം പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയെ പിടികൂടിയ കാര്യം സിറ്റി പൊലീസ് കമീഷണർ ജി. സ്പർജൻ കുമാർ ആണ് അറിയിച്ചത്. ഈ കേസിൽ ഇനി അറസ്റ്റ് ചെയ്യാനുള്ള പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയതായും കമീഷണർ അറിയിച്ചു. ഈ കേസിലെ രണ്ട് പ്രതികളെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ആറ് മാസത്തിന് മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി വിശാഖ് ഉൾപ്പെട്ട നാലംഗ അക്രമി സംഘം പാമാംകോട് കല്ലടി ഭാഗത്തേക്ക് പോകുന്ന വഴിയിലുള്ള മൂന്ന് ഇലക്ട്രിക് പോസ്റ്റുകളിലെ ട്യൂബ് ലൈറ്റുകൾ അടിച്ചു തകർക്കുകയായിരുന്നു.
ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ അന്വേഷിച്ചുവരവെ ഫോർട്ട് എ.സി.പി ഷാജിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ, പ്രസാദ്, വിജയൻ, പത്മകുമാർ, ശ്രീകുമാർ, സി.പി.ഒമാരായ ഗിരി, ലതീഷ്, ഉണ്ണികൃഷ്ണൻ, സജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments