ഭോപ്പാൽ: ജഗദ്ഗുരു ആദിശങ്കരാചാര്യരുടെ 108 അടി ഉയരമുള്ള പ്രതിമ നിർമ്മിക്കാനൊരുങ്ങി മധ്യപ്രദേശ് സർക്കാർ. നർമ്മദാ നദിയുടെ തീരത്താണ് ഒന്നിലധികം ലോഹങ്ങൾ ഉപയോഗിച്ച് ശങ്കരാചാര്യരുടെ പൂർണ്ണകായ പ്രതിമ നിർമ്മിക്കുക. ഇത് സംബന്ധിച്ച്, സർക്കാരും ആചാര്യ ശങ്കര സംസ്കൃതിക് ഏകതാ ന്യാസ് ബോർഡ് അംഗങ്ങളും തമ്മിലുള്ള ചർച്ച ഉടനേ നടക്കും.
ജനങ്ങൾ തമ്മിലുള്ള വിവേചനം ഒഴിവാക്കാനും ഏകാത്മക ഭാവം സ്ഥാപിക്കാനും അദ്വൈത വേദാന്തത്തിന്റെ പ്രാധാന്യം സമൂഹം മനസ്സിലാക്കാനുമാണ് ഈ പ്രതിമ പണി കഴിപ്പിക്കുന്നതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി. ഇതിനോടൊപ്പം തന്നെ, അന്താരാഷ്ട്ര വേദാന്ത സൻസ്ഥാനും നിർമ്മിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
54 അടി ഉയരമുള്ള പ്ലാറ്റ്ഫോമിൽ ആയിരിക്കും പ്രതിമ നിർമ്മിക്കുക. ഏഴര ഹെക്ടർ വരുന്ന ഭൂമിയിലായിരിക്കും പ്രതിമയും അതിനോടനുബന്ധിച്ചുള്ള ശങ്കരന്റെ മ്യൂസിയവും പണി കഴിപ്പിക്കുക. ലോകം മുഴുവൻ ഒറ്റ കുടുംബമാകണമെന്ന് നിർദ്ദേശിച്ച ചൗഹാൻ, വേദാന്തമെന്നത് ഭൂമിയിലെ എല്ലാവർക്കും പ്രാപ്തമാക്കുന്നതു വഴി നർമ്മദാ തീരത്തെ ഈ പുണ്യസ്ഥലം അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധാകേന്ദ്രമാകുമെന്നും ചൂണ്ടിക്കാട്ടി.
Post Your Comments