തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിയ്‌ക്കെതിരെയുള്ള പിസി ജോർജ്ജിന്റെ വിവാദ പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനവുമായി സന്ദീപ് ദാസിന്റെ ഫേസ്ബുക് പോസ്റ്റ്. ആക്രമിക്കപ്പെട്ട നടിയ്ക്ക് സുഖം കിട്ടി’ എന്ന പി സി ജോർജ്ജിന്റെ പ്രസ്ഥാവനയ്‌ക്കെതിരെയാണ് സന്ദീപ് ദാസിന്റെ ഫേസ്ബുക് പോസ്റ്റ്. ഇങ്ങനെ പറയാൻ മാത്രം തൊലിക്കട്ടിയുള്ള മാലിന്യമെന്നാണ് സന്ദീപ് ദാസ് പി സിയെ പോസ്റ്റിൽ വിമർശിച്ചത്.
Also Read:യുപിയിൽ യോഗി ഇത്തവണയും മുഖ്യമന്ത്രിയായത് അടുത്ത പ്രധാനമന്ത്രിയാകും: അഖിലേഷ് യാദവിന്റെ ആശങ്ക
‘റേപ്പ് ചെയ്യപ്പെടുന്ന സ്ത്രീയ്ക്ക് എന്തൊക്കെയോ നഷ്ടപ്പെടുന്നുണ്ട് എന്ന തോന്നൽ ഇന്നും പ്രബലമാണ്. സ്ത്രീകളുടെ വസ്ത്രധാരണവും രാത്രിയിലെ സഞ്ചാരവും ബലാത്സംഗത്തിന് വഴിവെയ്ക്കുന്നു എന്ന് ഒരുപാട് പേർ വിശ്വസിക്കുന്നുണ്ട്. അത്തരമൊരു പിന്തിരിപ്പൻ വ്യവസ്ഥിതി നിലനിൽക്കുമ്പോൾ സർവൈവറുടെ പേര് വെളിപ്പെടുത്തുന്നത് ഉചിതമല്ല’, സന്ദീപ് ദാസിന്റെ ഫേസ്ബുക് കുറിപ്പിൽ പറയുന്നു.
കുറിപ്പിന്റെ പൂർണ്ണരൂപം:
കഴിഞ്ഞ ഏതാനും വർഷങ്ങളായി ‘പ്രമുഖ നടി’ എന്ന മേൽവിലാസത്തിൽ ജീവിക്കുന്ന ഒരു സ്ത്രീയുണ്ട്. അവർക്ക് യോജിച്ച വിശേഷണമല്ല അത്. ആ പെൺകുട്ടി ഏറ്റവും വലിയ പ്രചോദനമാണ്,മാതൃകയാണ്,വഴികാട്ടിയുമാണ്! ‘നടി ആക്രമിക്കപ്പെട്ടു’ എന്ന പ്രയോഗം പറഞ്ഞും എഴുതിയും പഴകിക്കഴിഞ്ഞു. അതുകൊണ്ട് ആ വിഷയം ചർച്ച ചെയ്യുമ്പോൾ പലർക്കും പഴയ ആവേശമില്ല.
എന്നാൽ ആക്രമിക്കപ്പെട്ട രാത്രിയിൽ ആ പെൺകുട്ടി കടന്നുപോയ സാഹചര്യത്തെക്കുറിച്ച് വെറുതെയൊന്ന് ചിന്തിച്ചുനോക്കൂ. നമ്മുടെ നട്ടെല്ലിലൂടെ ഭയം അരിച്ചുകയറും! ആ കുറ്റകൃത്യത്തിൻ്റെ വിശദാശംങ്ങൾ വായിച്ചറിഞ്ഞാൽ നാം ഒന്നും ഉരിയാടാനാകാതെ തരിച്ചിരുന്നുപോവും! എന്നിട്ട് എന്താണ് സംഭവിച്ചത്?
അതിജീവിച്ചവൾക്കൊപ്പം നിരുപാധികം നിലകൊള്ളേണ്ട ഈ സമൂഹത്തിലെ പല പ്രമുഖരും അവൾക്കെതിരെ തിരിഞ്ഞു. നടിയുടെ സഹപ്രവർത്തകർ കുറ്റകരമായ നിശബ്ദത പാലിച്ചു. ചിലർ പരസ്യമായിത്തന്നെ കൂറുമാറി. നടിയ്ക്കും നടിയെ അനുകൂലിച്ചവർക്കും സമൂഹമാദ്ധ്യമങ്ങളിലൂടെ തെറിവിളിയും ഭീഷണിയും സ്ലട്ട് ഷേമിങ്ങും നേരിടേണ്ടിവന്നു. ആയിരക്കണക്കിന് ഫേക്ക് ഐഡികളാണ് ഈ ഒരൊറ്റ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നത്!
‘ആക്രമിക്കപ്പെട്ട നടിയ്ക്ക് സുഖം കിട്ടി’ എന്ന് പറയാൻ മാത്രം തൊലിക്കട്ടിയുള്ള മാലിന്യങ്ങളെ നാം ടെലിവിഷൻ ചാനലുകളിൽ കണ്ടു. ഇതിനെല്ലാം പുറമെ അനന്തമായി നീണ്ടുകൊണ്ടിരിക്കുന്ന ഒരു കേസും! നീതിയ്ക്കുവേണ്ടിയുള്ള വേദന നിറഞ്ഞ കാത്തിരിപ്പ്! ഇത്രയൊക്കെയായിട്ടും ആ നടി തളർന്നോ?
ഇല്ല. അവൾ പൂർവ്വാധികം ശക്തിയോടെ ഉദിച്ചുയരുകയാണ്. തൻ്റെ നിലപാടുകളിൽനിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ല എന്ന് നിസ്സംശയം പറയുകയാണ്. റേപ്പിനെ അതിജീവിച്ച നിരവധി പെൺകുട്ടികൾക്ക് ആത്മവിശ്വാസം പകരുകയാണ്.
റേപ്പ് ചെയ്യപ്പെട്ട സ്ത്രീകളുടെ ഐഡൻ്റിറ്റി രഹസ്യമാക്കിവെയ്ക്കുക എന്ന രീതി നാം പിന്തുടരുന്നുണ്ട്. നിലവിലെ സാമൂഹിക സാഹചര്യം പരിഗണിക്കുമ്പോൾ അതിൽ യുക്തിയുമുണ്ട്. റേപ്പ് ചെയ്യപ്പെടുന്ന സ്ത്രീയ്ക്ക് എന്തൊക്കെയോ നഷ്ടപ്പെടുന്നുണ്ട് എന്ന തോന്നൽ ഇന്നും പ്രബലമാണ്. സ്ത്രീകളുടെ വസ്ത്രധാരണവും രാത്രിയിലെ സഞ്ചാരവും ബലാത്സംഗത്തിന് വഴിവെയ്ക്കുന്നു എന്ന് ഒരുപാട് പേർ വിശ്വസിക്കുന്നുണ്ട്. അത്തരമൊരു പിന്തിരിപ്പൻ വ്യവസ്ഥിതി നിലനിൽക്കുമ്പോൾ സർവൈവറുടെ പേര് വെളിപ്പെടുത്തുന്നത് ഉചിതമല്ല.
പക്ഷേ ഈ രീതി മാറും. റേപ്പ് ചെയ്യപ്പെട്ട സ്ത്രീകൾക്ക് യാതൊന്നും കൈമോശം വരുന്നില്ല എന്ന യാഥാർത്ഥ്യത്തിലേയ്ക്ക് നമ്മുടെ സമൂഹം എന്നെങ്കിലും എത്തിച്ചേരും. ഒളിവുജീവിതം നയിക്കേണ്ടത് കുറ്റവാളികളാണ് എന്ന തിരിച്ചറിവ് എല്ലാവർക്കും കൈവരുന്ന ദിവസമുണ്ടാകും. ക്രൈമിനെ അതിജീവിച്ച സ്ത്രീകൾ അപമാന ഭയമില്ലാതെ ജീവിക്കും. അന്ന് ഈ നടിയെ സകലരും സ്നേഹത്തോടെ ഓർക്കും. അങ്ങോട്ടുള്ള വഴി വെട്ടിയത് അവളാണെന്ന് ബഹുമാനപൂർവ്വം പറയും.
മലയാളസിനിമയിൽ സ്ത്രീവിരുദ്ധത നിലനിൽക്കുന്നു എന്ന പരാതി പണ്ടുമുതലേ ഉള്ളതാണ്. പക്ഷേ മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള ഒട്ടുമിക്ക അഭിനേതാക്കളും നടിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകഴിഞ്ഞു. അവളെ അംഗീകരിക്കാതിരിക്കുക എന്ന ഓപ്ഷൻ ആർക്കുമില്ല. കാരണം അവൾ പകരം വെയ്ക്കാനില്ലാത്ത പോരാളിയാണ് ! കാലം കടന്നുപോവുമ്പോൾ പ്രമുഖ നടി എന്ന വിളി മൺമറഞ്ഞുപോകും. മലയാള സിനിമയിലും സമൂഹത്തിലും വിപ്ലവം സൃഷ്ടിച്ച ധീരവനിത എന്ന് നാം തന്നെ മാറ്റിപ്പറയും. കാത്തിരുന്ന് കാണുക.
Post Your Comments