KeralaLatest NewsNewsIndia

‘എന്റെ മോനെ കൊന്നവരോട് എന്നെക്കൂടി കൊല്ലാൻ പറ’: നെഞ്ചു തകർന്ന് ധീരജിന്റെ അമ്മ

തളിപ്പറമ്പ്: ആദ്യം അഭിമന്യു, ഇപ്പോൾ ധീരജ്. കേരളത്തിലെ കാമ്പസുകളിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഇടുക്കിയുടെ വേദനയാണ് ഇരുവരും. സ്വന്തം വീടുവിട്ട് ഇടുക്കിയിൽ പഠിക്കാനെത്തിയതായിരുന്നു ഇരുവരും. ഇന്നലെയാണ് ധീരജ് കൊല്ലപ്പെട്ടത്. പാട്ടുകൾ കൊണ്ട് സുഹൃത്തുക്കൾക്കും അധ്യാപകർക്കും പ്രിയപ്പെട്ടവനായിരുന്നു ധീരജ്. കൊലയാളികളുടെ കത്തിയിൽ പിടഞ്ഞ് ധീരജ് മരണം പുൽകുമ്പോൾ ഒന്നുമറിയാതെ ധീരജിന്റെ അമ്മ കൂവോട് ഗവ. ആയുര്‍വേദ ആശുപത്രിയില്‍ തന്റെ ജോലിയിൽ ആയിരുന്നു.

ഉച്ചയോടെ ഈ അമ്മയെ തേടി കുറച്ച് സഹപ്രവർത്തകർ എത്തി. ധീരജിന് അപകടം പറ്റിയെന്നും വീട്ടില്‍ പോകാമെന്നും കൂട്ടിക്കൊണ്ട് പോകാൻ കാർ കൊണ്ടുവന്നിട്ടുണ്ടെന്നുമായിരുന്നു ഇവർ പറഞ്ഞത്. ചെറിയ എന്തെങ്കിലും അപകടം ആയിരിക്കുമെന്നായിരുന്നു ഈ അമ്മ കരുതിയത്. അവർക്കൊപ്പം നഴ്സ് കുപ്പായം പോലും അഴിച്ച് വെക്കാതെ ഇവർ വീട്ടിലേക്ക് പോരാനിറങ്ങി. കൂടെയുണ്ടായിരുന്നവരോട് എന്താണ് മകന് പറ്റിയതെന്ന് ചോദിച്ചപ്പോൾ ‘ചെറിയ ഒരു അപകടം’ എന്നായിരുന്നു പലരും മുഖം നൽകാതെ മറുപടി നൽകിയിരുന്നത്. ഒരു കിലോമീറ്റര്‍ അകലെ തൃച്ചംബരം പട്ടപ്പാറയിലെ ‘അദ്വൈതം’ വീട്ടിലെത്തുമ്പോള്‍ പരിസരത്ത് വാഹനങ്ങളും ആള്‍ക്കൂട്ടവും പോലീസും മാധ്യമപ്രവര്‍ത്തകരും തിങ്ങി നിറഞ്ഞ് നിൽക്കുന്നത് കണ്ടു. ഇതോടെയാണ് മകന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അമ്മയ്ക്ക് മനസിലായത്.

Also Read:ശ്വാസകോശത്തിന്റെ ആരോഗ്യത്തിനായി ഈ ഭക്ഷണങ്ങൾ കഴിക്കാം

ധീരജ് മരണപ്പെട്ട വിവരം ആരും ഇവരെ അറിയിച്ചില്ല. എല്ലാവർക്കും എങ്ങനെ പറയണമെന്ന് അറിയുന്നുണ്ടായിരുന്നില്ല. അമ്മയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയത് അനുജന്‍ അദ്വൈത് ആയിരുന്നു. ‘ഒന്നും സംഭവിച്ചിട്ടില്ലമ്മേ’ എന്ന് പറഞ്ഞ് അവൻ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. അമ്മയെ താങ്ങിപ്പിടിച്ച് വീട്ടിനകത്തേക്ക് കൊണ്ടുപോകുമ്പോള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചവരോട് ‘ദയവുചെയ്ത് ഉപദ്രവിക്കരുതെന്ന്’ അദ്വൈത് അപേക്ഷിച്ചു. ധീരജിന്റെ അച്ഛന്‍ രാജേന്ദ്രന്‍ തളർന്നിരിക്കുന്ന കാഴ്ചയാണ് ഏവരും കണ്ടത്.

Also Read:കപ്പലിൽ നിന്നും കുതിച്ചുയർന്ന് ബ്രഹ്മോസ് : പുതിയ പതിപ്പിന്റെ പരീക്ഷണം വിജയമെന്ന് നാവികസേന

ധീരജിന്റെ മരണവാർത്ത അയൽവാസികളും നാട്ടുകാരും ടി.വിയിലൂടെ അറിഞ്ഞിരുന്നു. വീട്ടിലേക്ക് വരുന്നവരോടൊക്കെ മകന് എന്തുപറ്റിയെന്നും മകനെ കാണണമെന്നും പുഷ്കല പറഞ്ഞുകൊണ്ടിരുന്നു. വൈകുന്നേരം സി.പി.എം. നേതാക്കളായ ജയിംസ് മാത്യുവും പി.കെ.ശ്യാമളയും അരീക്കമലയില്‍നിന്ന് ബന്ധുക്കളും വന്നു. അവരോടും പുഷ്‌കല മകന്റെ കാര്യം തിരക്കി. ഒടുവില്‍ മറ്റുവഴികളില്ലാതെ മരണ വിവരം പുഷ്‌കലയോട് അവര്‍ക്ക് പറയേണ്ടി വന്നു. ഇതോടെ, മകൻ തിരിച്ച് വരില്ലെന്ന് മനസിലാക്കിയ ഒരു അമ്മയുടെ നിലവിളിയായിരുന്നു ‘അദ്വൈത’ത്തിൽ പിന്നീട് ഉയർന്ന് കേട്ടത്. ആർക്കും പുഷ്പകലയെ ആശ്വസിപ്പിക്കാനായില്ല. ‘എന്റെ മോനെ കൊന്നവരോട് എന്നെക്കൂടി കൊല്ലാന്‍ പറ…’ എന്ന് പറഞ്ഞായിരുന്നു ആ അമ്മ നിലവളിച്ചത്. കേട്ടു നിന്നവര്‍ക്കും കണ്ട് നിന്നവര്‍ക്കും സഹിക്കാനാവാത്ത കാഴ്ച.

ക്രിസ്മസ് അവധി കഴിഞ്ഞ് കോളജിലേക്ക് ധീരജ് മടങ്ങിയതേ ഉള്ളു. പോയിട്ട് വൈകാതെ തിരികെ വരാം എന്ന് അമ്മയ്ക്ക് ഉറപ്പ് നല്‍കി അവന്‍ വീട്ടില്‍ നിന്നും ഇറങ്ങുകയായിരുന്നു. ആ പോക്ക് തിരിച്ച് വരാത്ത ദൂരത്തിലേക്ക് ആയിരിക്കുമെന്ന് ആ അമ്മയും കരുതിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button